Monday, December 7, 2009




അക്ബര്‍ ഇരിങ്ങല്‍
ജന്മാന്തരങ്ങള്‍



പത്രം.....?

ഒരു പുഞ്ചിരിയോടൊപ്പം കൃഷ്ണ പ്രിയ അയാള്‍ക്കുനേരെ പത്രം നീട്ടി.

ഒരു നന്നിപറഞ്ഞു അതേറ്റു വാങ്ങി അയാള്‍ താളുകള്‍ മറിച്ചിട്ടു കൊണ്ടിരുന്നു.

അരികിലിരിക്കുന്ന സ്ത്രീ വാ അല്പം തുറന്നു പിടിച്ചു ഉറങ്ങാന്‍ തുടങ്ങിയിരുന്നു.മുന്‍പിലിരിക്കുന്ന ചെറുപ്പക്കാരന്‍ നന്ദി സൂചകമായി ഇടക്കിടെ ചിരിക്കുകയും,പത്രത്തില്‍ കണ്ണ് തറപ്പിക്കുകയും ചെയ്യുന്നുണ്ട്.


എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം ആരംഭിക്കുന്ന ഈ തീവണ്ടിയാത്ര,രണ്ടു ദിവസം വീട്ടില്‍ ചിലവഴിക്കുന്നതിനെക്കാള്‍ പ്രിയപെട്ടതാണ് കൃഷ്ണ പ്രിയക്ക്.കൂരിരുളിന്‍റെ നിഗൂടതകളെ കീറിമുറിച്ചു ചീറിപായുന്ന ട്രെയിനിലിരുന്നു ചിന്തയുടെ നിശ്ചലമായ ജലപരപ്പില്‍ ഉരുളന്‍ കല്ലുകളെറിഞ്ഞ് ഓളങ്ങള്‍ ഉണ്ടാക്കുക,ചുഴികളില്‍ ഊലിയിട്ടു ജലധിയുറെ സമാധിയില്‍ ഓര്‍മ ചെപ്പുകള്‍ പെരുക്കിയെടുക്കുക,അതുമായി മറവിയുടെ കുമിളകള്‍ പിന്തള്ളി ജലപരപ്പില്‍ ഉയിര്‍ക്കുക,അപ്പഴേക്കും കുറ്റിപ്പുറം സ്റെഷനില്‍ അവളെ ട്രെയിന്‍ പ്രസവിചിടും.ഒരു നവജാതയെ പോലെ അവള്‍ പാടം കടന്നു പതാരിലേക്ക് നടക്കും.അപ്പഴേക്കും ആ രാത്രി യാത്ര അവളില്‍ ഏതോ അതിഗൂട ലഹരിയുടെ ബീജങ്ങള്‍ നിക്ഷേപിചിട്ടുണ്ടാകും.


ഇരുമ്പു ജനലഴി അമര്‍ത്തി പിടിച്ചു,യുഗാന്തര സ്മരണകളുടെ പുകച്ചുരുളുകള്‍ പിന്തള്ളി ട്രെയിന്‍ പാഞ്ഞു കൊണ്ടിരുന്നു.വിളക്കുകള്‍ തെളിഞ്ഞ എത്രയോ വീടുകള്‍ പിറകിലേക്ക് പോയ് മറഞ്ഞു.അവിടെയെല്ലാം എന്താവും നടക്കുന്നത്,കുട്ടികള്‍ നാമം ജപിക്കുകയോ,അമ്മ താരാട്ട് പാടുകയോ,ദമ്പതികള്‍ വഴക്കിടുകയോ പ്രണയിക്കുകയോ ചെയ്യുന്നുണ്ടാകും.സഹാജീവിയയിരുന്നിട്ടും അവയെ പട്ടി താന്‍ അജ്ഞ്ഞയാണ്,എന്നെ പട്ടി അവരും.വളരെ ചെറിയ അനവധി പ്രാണനും കൊണ്ടു വണ്ടി ദിക്ക് തുരന്ന് പാഞ്ഞു കൊണ്ടിരുന്നു.


''എവിടേക്കാ....?''

സ്മരണകളില്‍ നിന്നുനര്‍ത്തിയ ഒരു ചോദ്യം.പത്ര താളുകളില്‍ നിന്നു ചെറുപ്പക്കാരന്‍ ചോദിച്ചു.

''ആ..കുറ്റിപ്പുറം.''

''ഞാന്‍ അന്‍വര്‍.വീട് വടക്കാഞ്ചേരി.എന്താ പേരു?''

പത്രം മടിയില്‍ മടക്കി അയാള്‍ ചോദിച്ചു.

''കൃഷ്ണ പ്രിയ,തിരുവനന്തപുരത്ത് വര്‍ക് ചെയ്യുന്നു,ആഴ്ചയില്‍ ഈ യാത്ര പതിവാണ്.

ഔപചാരികമായി കൃഷ്ണപ്രിയയും പരിചയപെട്ടു.

''അന്‍വര്‍ ഇവിടെ ജോലി ചെയ്യുകണോ?''

''അല്ല,ഒരു ഇന്‍റര്‍ വ്യു കഴിഞ്ഞു മടങ്ങുവാ ദുബായ് കമ്പനിയിലേക്ക്.എന്നെ അന്‍വര്‍ എന്ന് വിളിക്കുന്നവര്‍ ചുരുക്കമാണ്,വിളിക്കുമ്പോള്‍ എന്നെയാണെന്ന് തോനില്ല.'അനു' എന്നാണ് വിളിക്കാറ്.അന്‍വര്‍ നാഗത്താന്‍ കാവ്എന്നത് ഇപ്പോള്‍ സര്ടിഫിക്കടിലെ കൌതുകമാണ്.ബാപ്പ സ്കൂളില്‍ നിന്നു റിട്ടയര്‍ ചെയ്യുന്നത് വരെ ഒരു സര്‍ക്കാര്‍ ജോലിക്ക് ശ്രമിച്ചു,ഇപ്പോള്‍ അത് മറ്റു മേഘലകളിലെക്കും തിരിച്ചു.''


ചെറുപ്പക്കാരന്റെ വിശദീകരണങ്ങള്‍ അല്പം അസ്വാസ്ഥ്യം ഉണ്ടാക്കിയെങ്കിലും,അതില്‍ ഒന്നു രണ്ടു വാക്കുകള്‍ കൃഷ്ണപ്രിയയുടെ ബോധ മണ്ഡലങ്ങളില്‍ ഇളക്കങ്ങള്‍

അനു...?

നാഗത്താന്‍ കാവ്?

മനസ്സറിയാതെ ഉച്ചരിച്ചു കൊണ്ടിരുന്നു ,തൊണ്ടയില്‍ നിന്നു പുറപെട്ടു പോകാതെ.

മറവിയുടെ മാചോട്ടിലേക്ക് ഒരിളം കാറ്റു വീശിയത് പോലെ,

ഓര്‍മയുടെ കരിയിലകള്‍ മേഘങ്ങളേ കീഴടക്കിയ പോലെ..


പിന്നെയും ചെറുപ്പക്കാരന്‍ എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്യുന്നുണ്ട്,എല്ലാം കൃഷ്ണ പ്രിയ അവ്യക്തമയെ കേട്ടുള്ളൂ.
''കൃഷ്ണ പ്രിയക്ക് ഉറക്കം വന്നെന്നു തോനുന്നു..?''
''ഏയ്‌.
അനു..
അനുവിന്‍റെ വീട്ടില്‍ ആരോക്കെയുണ്ട്?''
.''ബാപ്പ,ഉമ്മ,രണ്ടു സിസ്റ്റെര്സ്.ബാപ്പ അടുത്തുള്ള സ്കൂളില്‍ ഹിന്ദി അധ്യാപകനായിരുന്നു,ഇപ്പോള്‍ റിട്ടയര്‍ ചെയ്തു.
so ഉത്തരവാദിത്തം കൂടി.'' ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു.
കൃഷ്ണപ്രിയ,ചുണ്ടുകള്‍ വിറച്ചു തൊണ്ടയില്‍ കുടുങ്ങിയ വാക്കുകള്‍ തപ്പുകയായിരുന്നു.
ദൈവമേ..?
എന്താണിതൊക്കെ ..കൃഷ്ണാ..?
എന്തൊക്കെയോ വികാരങ്ങള്‍ കൂടിച്ചേര്‍ന്നു ഒന്നുമില്ലാത്ത ശൂന്യതയില്‍ അവള്‍ തരിച്ചു നിന്നു.
''കൃഷ്ണ പ്രിയ ഉറങ്ങിക്കോളൂ,ok good night..''
അവളുടെ മുഖം ശ്രദ്ദിച്ചു, പിന്നെയും പത്രത്തില്‍ മുഖം താഴ്ത്തി അയാള്‍ പറഞ്ഞു.

ശോക ഗ്രസ്തമായ കട്ട പിടിച്ച ഇരുട്ട് പരന്ന അന്തരീക്ഷത്തിലേക്ക് കണ്ണ് തുറന്നു പിടിച്ചു കൃഷ്ണ പ്രിയ ചാരി കിടന്നു.ഇന്നലെയുടെ കറുത്ത മേഘങ്ങള്‍ക്കിടയില്‍ തെളിഞ്ഞു വരുന്ന ഒരു മുഖം...അനു...
പാള വണ്ടിയില്‍ അവന്‍ നാഗ കാവും കടന്നുഎന്നെ വലിച്ചു കൊണ്ടുപോയ വഴികള്‍,
പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം പിന്നെയും കൊണ്ട് പൊകുന്ന പോലെ,ആ ഞാവല്‍ മരത്തിനു താഴെ.
അവനെരിഞ്ഞു തന്ന ഞാവല്‍ പഴങ്ങള്‍ തിന്നു ചുവന്ന നാക്ക് നീട്ടി,കണ്ണുരുട്ടി യക്ഷി കളിക്കുമ്പോള്‍ ഭയന്നോടുന്ന അനു..
എന്‍റെ അനു..
നിക്കറുവള്ളി പിടിച്ചു തീവണ്ടി കളിച്ച കുളക്കടവുകള്‍,എന്‍റെ ചെറുവിരല്‍ വിട്ടു ഒരു സഞ്ചാരമുണ്ടായിരുന്നോ അവനു?
എന്നിട്ടും ഞാനെന്‍റെ അനുവിനെ...

ഇരുട്ട് പിടിച്ച നാഗക്കാവില്‍ ഒരിക്കല്‍ പോലും വന്നിരുന്നില്ലല്ലോ അവന്‍,എന്തിനു ഞാനവനെ നിര്‍ബന്ദിച്ചു.
നീലിച്ചു ചലനമറ്റ അവന്റെ ശരീരം എത്ര യുഗങ്ങളായി എന്നെ വേട്ടയാടുന്നു.പച്ച പട്ട് വിരിച്ച ശവ മഞ്ചലില്‍ അവനെ ചുമന്നു
പള്ളി പറമ്പിലേക്ക് നടന്ന ആള്‍ കൂട്ടമുയര്‍ത്തിയ മന്ത്രം
''ലാഹിലാഹാ ഇല്ലല്ലാ..'' അതിനു ശേഷവും എന്‍റെ ഉറക്കമില്ലാത്ത എത്രയോ രാത്രികളില്‍ മുഴങ്ങിക്കൊണ്ടിരുന്നു.മൂന്നു തവണ പച്ച മണ്ണ്
വാരിയെറിഞ്ഞു പള്ളി കാട്ടില്‍ നിന്നു പിരിഞ്ഞവരെല്ലാം അനുവിനെ മറന്നു.
ഞാനെങ്ങിനെ മറക്കും എന്‍റെ അനുവിനെ..
എന്‍റെ മറവികള്‍ ഹരിതമായിരുന്നു. പട്ട്
മറവികള്‍ അനുഗ്രഹിക്കാത്ത എന്‍റെ പൊട്ടിപ്പോയ മനസ്സിന്‍റെ വട്ട കണ്ണികള്‍ കാലമേ..നീ തന്നെയല്ലേ വിളക്കി ചേര്‍ത്തത്.
പാതാറു വഴി നടന്നു നീങ്ങുമ്പോള്‍ ഒരിളം കാറ്റോ,അന്നാര കണ്ണാണോ എറിഞ്ഞു തരുന്ന ഞാവല്‍ പഴങ്ങളല്ലേ...?
വേലിക്കരുകിലെത്തുമ്പോള്‍ ''മോളേ'' എന്നു നീട്ടി വിളിക്കുന്ന ആലി മാഷല്ലേ..?
എന്ടടുക്കല്‍ ഓടിയെത്തുന്ന ആബിതയും ആയിഷയുമല്ലേ ഞാനെന്ന അവസ്ഥയെ ഇന്നും നിലനിര്‍ത്തിയത്.
എനിക്ക് വാസനിക്കുവാന്‍ ഒരു പിടി വാക പൂക്കളുമായി എന്തിനു ഈ ചെറുപ്പക്കാരന്‍ എന്‍റെ മുന്‍പില്‍ വന്നിരുന്നു,അവന്റെ ഇന്നുകള്‍ എന്തിനവന്‍ എന്നോടു പറഞ്ഞു.ഞാനെന്തിനു ചോദിച്ചു.?
കൃഷ്ണാ..?

മഴ ചായുന്ന പാതാരുകളില്‍ ഞാവല്‍ പഴങ്ങള്‍ വീണുകൊണ്ടിരുന്നു.കാല വേഗത്തില്‍ ദിക്ക് കാട്ടി പക്ഷികളില്ലാതെ
വണ്ടി ഇരുട്ട് തുറന്നു പാഞ്ഞു കൊണ്ടിരുന്നു.ഇന്നലകളില്‍ ഞാവല്‍ മരം ഏറ്റു വാങ്ങിയ ഒരിളം കാറ്റ് ഏറ്റു കൃഷ്ണ പ്രിയ അരികു ചാരി കിടന്നു.

തിക്കും തിരക്കിനും ബഹളത്തിനുമിടയില്‍ കണ്ണ് തുറന്നപ്പോള്‍ബോര്‍ഡില്‍ കുറ്റിപ്പുറം സ്റ്റേഷന്‍ .തിരക്കില്‍ ബാഗും ബുക്സും ഫയലുമൊക്കെ എടുക്കുന്നതിനിടായി കൃഷ്ണ പ്രിയയുടെ കണ്ണുകള്‍ ചെറുപ്പക്കാരനെ തിരഞ്ഞു.
ബാഗിന് മുകളില്‍ തിരുകി വച്ച പത്രമെടുത്ത് പ്ലാറ്റ് ഫോമിലിരങ്ങുമ്പോള്‍ എന്തോ നഷ്ട ബോധത്തിന്റെ പിന്‍വിളി ഉണ്ടായിരുന്നു
ബാഗ് ചുമലിലിട്ടു നടക്കുന്നതിനിടയില്‍ വീണുപോയ പത്രം പ്ലാറ്റ് ഫോമില്‍ അനാഥമായി കിടന്നു.ഉറക്ക ചടവോടെ മുടി മാടിയൊതുക്കി
കൃഷ്ണ പ്രിയ കുറ്റിപ്പുറം പ്ലാറ്റ് ഫോം പിന്നിട്ടു.
ഒരു തെറ്റുപോലെ ദൂരെ പാളത്തില്‍ വണ്ടി അവ്യക്തമായി.അതിനു പിറകെ പാഞ്ഞു പോയ കാറ്റില്‍ കൃഷ്ണ പ്രിയയെ പിന്തുടര്‍ന്ന പത്ര താളുകള്‍ പ്ലാറ്റ് ഫോമിലെ സിമന്ടു ബഞ്ചില്‍ ഉടക്കി നിന്നു.പത്രതലകെട്ടിനു താഴെ എഴുതിവച്ച കൈയക്ഷരങ്ങള്‍ക്ക് എന്തൊക്കെയോ പറയാനുണ്ടായിരുന്നു.അതിന്‍റെ പിന്‍ വിളി കൃഷ്ണ പ്രിയ കേട്ടതേയില്ല.സിമന്ടു ബഞ്ചില്‍ നിന്നു ആ പിന്‍വിളി തുടര്‍ന്നു കൊണ്ടേ ഇരുന്നു.


''contact me..
my ID,
miyatansen@gmail.com...
*............................*





































Sunday, October 11, 2009

''യുദ്ധ ഭൂമിയിലെ പുത്ര ജഡങ്ങള്‍ കൃഷ്ണാ , നീ ഒന്നൊന്നായി കാണിച്ചു തരുന്നു.
വന്യ മൃഗങ്ങളെ വേട്ടയാടി കൊന്ന രാജാവിന്‍റെ അഭിമാനതോടെ.നിന്‍റെ മക്കളും ഇതുപോലെ
തമ്മില്‍ തല്ലി നശിക്കാന്‍ ഇടവരും.നീയും ഒരു ദുര്‍മരണം നേരിടും.ചതിയില്‍ കൊല്ലപെട്ട നൂറു മക്കളുടെ അമ്മയാണിത്,ഗാന്ധാരി..''
വിരിഞ്ഞു വരുന്ന അരിമുല്ലയുടെ സുഗന്ധതോടോപ്പം ഗാന്ധാരിയുടെ ശാപം ഉറപ്പൊടി വീഴുന്ന മരക്കിളിവാതില് കടന്നു വന്നു.അരികു ദ്രവിച്ച അഴിപിടിച്ചു താര അമ്പലപ്പറമ്പിലെ ടുബ്‌ വെളിച്ചത്തില്‍ മഴപാറ്റകള്‍ വട്ടം പറക്കുന്നത് നോക്കിനിന്നു. വലിയ കാബിനുകള്‍ ഇടക്കിടെ വിസില് വിളിക്കുമ്പോള്‍ താര കാതടച്ചു പിടിച്ചു.
ടോണിക്ക് നിറമുള്ള നോട്ടിസില്‍-രാത്രി 11.30 നു കോഴിക്കോട് സഹൃദയയുടെ നാടകം
'ഗാന്ധാരി വിലാപം' -എന്ന് കണ്ടത് മുതല്‍ താര ആഗ്രഹിച്ചിരുന്നതാണ് ഇത്തവണ എങ്കിലും നാടകം കാണണം എന്ന്.ഒടുവിലെങ്കിലും അമ്പലപ്പറമ്പുകളില്‍ മാത്രമേ നാടകം ചരമമടയാതിന്നു മുള്ളു.സിനിമാറ്റിക്‌ ഡാന്‍സ്‌ കഴിഞ്ഞപ്പോള്‍ അമ്മയും ഹേമയും എഴുന്നേറ്റു.അച്ഛന്‍ കത്തിച്ചു കൊടുത്ത ഓല ചൂട്ടു വീശി ഇടവഴി നടന്നു വരുമ്പോള്‍ സീരിയലുകള്‍ നഷ്ടപെട്ട ദു:ഖമായിരുന്നു രണ്ടുപേര്‍ക്കും,താരക്ക് ഗാന്ധാരി വിലപിക്കുന്നത് കാണാന്‍ കഴിയാതെപോയ നിരാശയും.
ഇടവഴി ടോര്‍ച്ചു തെളിച്ചും ചൂട്ടു വീശിയും ആളുകള്‍ നീങ്ങികൊണ്ടിരുന്നു.നാടക സംഭാഷണങ്ങളുടെ ശൂന്യതയില്‍ ആളുകളുടെ ഇരമ്പലും,പീപ്പി വിളിയും,കടല വറുക്കുന്ന ശബ്ദവും വ്യക്തമായി കേള്‍ക്കാം.ഭാസ്ക്കരേട്ടന്‍റെ വിരകുപുരക്ക് പിന്നിലെ ഗ്ലാസ്സ് മുട്ടുന്ന ശബ്ദവും അടക്കം പറച്ചിലും എന്താണെന്ന് താരക്കറിയാം ,ചിലപ്പോള്‍ അച്ചനുമുണ്ടാകും അവിടെ.ടുബു ലൈറ്റിനു പുറത്തെ കറുത്ത ഇരുട്ടില്‍ നടക്കുന്നതെല്ലാം ഈ മരയഴിക്കുള്ളില്‍ നിന്നുകൊണ്ട്‌ താരക്കറിയാം.അയ്യപ്പന്‍ കാവ് സ്കൂളിലെ നാലാം ക്ലാസ്സില്‍,വാഴതോട്ടതിനുള്ളില്‍,പീടികയുടെ ടെറസിനു മുകളില്‍,കണ്ണച്ചന്‍റെ ചായക്കടക്ക്‌ പിന്നില്‍ എല്ലാം ഈ ഗ്ലാസ്സുകള്‍ കൂട്ടിയിടിക്കുന്നുണ്ടാകും.
സ്കൂള്‍ വാര്‍ഷികത്തിന് ശേഷം 'ചെക്കന്‍റെന്റെ ' നെഞ്ചില്‍ മാറിടമമര്‍ത്താന്‍ കാമുകിമാര്‍ മൂത്രപ്പുരയുടെ പിറകിലോ,കൂട്ടുകാരിയുടെ വീടിനു പിന്നിലോ നഖം കടിച്ചു മിസ്ഡ്‌ കോളുകളെ തപിച്ചു നില്‍പ്പുണ്ടാകും. നാടകം അവസാനിക്കുന്നതിനു മുന്‍പ് കൊണ്ട് ചെന്നക്കുമ്പോള്‍ ആ
ചെറുപ്പക്കാരന്‍ എത്രയോ തവണ ബ്രേക്ക്‌ ഇട്ടു കാണും. പൊടിമീശ പിള്ളേര്‍ മുണ്ട് മാറി കുത്തി തുട തടവി,സുമി ചേച്ചിയുടെ അടുക്കള വാതിലില്‍ കളിയായും കാര്യമായും തട്ടുകയും,ചൂളമിടുകയും ചെയ്യുന്നുണ്ടാകും.
ആ..ഇതൊന്നും ചിന്തിച്ചു നില്‍ക്കാന്‍ താരക്ക് നേരമില്ലത്രേ.ഗാന്ധാരിയെ പറ്റിയും,ഗാന്ധാരി ശപിച്ച കൃഷ്ണനെ പറ്റിയുമൊക്കെ ചിന്തിക്കാനുണ്ട്.നാലാം ക്ലാസ്സില്‍ നാരായണന്‍ മാഷ്‌ പറഞ്ഞു തന്ന മഹാഭാരതത്തിന്‍റെ വെളിമ്പുറങ്ങളില്‍ നിന്നു താര ഓല ചൂട്ടു വീശി ,ഇരുട്ടിടവഴി കീറി മുറിച്ചു നടന്നു കയറിയത്,കബന്ധങ്ങള്‍ വീണു കിടക്കുന്ന ശ്മശാനത്തിലെക്കാണ്.ചിന്തയിലെ പതിരുകള്‍ പെറുക്കി ക്കളഞ്ഞുകൊണ്ടാണ് താര കുരുക്ഷേത്രത്തില്‍ നിന്നു മടങ്ങിയത്.അതില്‍ പിന്നെ താര ഗാന്ധാരിയുടെ ഭാഗത്താണ്,കൌരവ പക്ഷത്ത്.
താരെ?...
ഈ മീന്‍ ചട്ടി മോറി വെക്കെടീ...
ഞ്ഞ് ആത്ത് പെറ്റു കെടക്ക്വാ..?
ചിന്തയുടെ അരിമുല്ല ചുവട്ടില്‍ മത്തി കറിയുടെ വാസന,അമ്മയുടെ ചെവി തുളക്കുന്ന ശകാരം.
നഷ്ടപെട്ട സീരിയലിനു ചാനലില്‍ ഗവേഷണം നടത്തുന്ന ഹേമയെ കടന്നു താര അടുക്കളയിലേക്ക് നടന്നു.
കലണ്ടറിന്‍റെ കഷണം മടക്കി മുനയാക്കി നഖത്തിനിടയിലെ വെണ്ണീര്‍ നീക്കികളയുമ്പോള്‍
നാടകം കഴിഞ്ഞു തോര്‍ത്തും,പുതപ്പും തലയിലിട്ടു,ഉറങ്ങിയ പിള്ളേരെയും തൂക്കി പുരുഷാരം മടങ്ങി കൊണ്ടിരുന്നു.നിലാവ് പോലെ അരിമുല്ല വിരിയുന്നത് നോക്കി താര വെറുതെ നിന്നു.എല്ലാ രഹസ്യങ്ങളും ഈ കറുത്ത രാത്രിയെ കാത്തിരിക്കുന്നു.തന്‍റെ ശ്രവ്യാനുഭവത്തെ അകാരണമായി ആക്രമിച്ച മത്തിക്കറിയെ ഓര്‍ത്തു താര അപലപിക്കുകയും,വിലപിക്കുകയും ചെയ്തു.
ചരിത്രത്തില്‍ അനാവശ്യമായി ഒരു ബിരുദമെടുതതിനു ശേഷം താരയുടെ ലോകം ഈ മരയഴികല്കുള്ളിലാണ്.'ഇനി മതി,രണ്ടെന്നതിനു കോളേജില്‍ ഫീസു കൊടുക്കാന്‍ ഇതെവിടുന്ന'
അമ്മ ഇങ്ങനെ വിധി പ്രഖ്യാപിച്ച അന്ന് മുതല്‍ തടവിലാണ്.എങ്കിലും അരിമുല്ല പന്തലും,പറങ്കി മാവുമൊക്കെ കടന്നു താര അങ്ങ് ദൂരേക്ക്‌ പോകും,ദൂരെക്കെന്നു പറഞ്ഞാല്‍ അങ്ങ് വിയട്നാമിലും,അമേരിക്കേലും,അഫ്ഗാനിലുമൊക്കെ പോയി അവിടുത്തെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയേ താര മടങ്ങു.തൊഴുത്തിലെ ചാണകം വാരാനോ,മീന്‍ മുറിക്കാനോ,അരി കഴുകിയിടാനോ ഒക്കെ അമ്മ വിളിക്കുംപോലാണ് താര പലപ്പോഴും മടങ്ങി വരുന്നത്.
ഹിത്ലരിനേം,സദ്ദാമിനേം ഒക്കെ താര വിമര്‍ശിക്കാറുണ്ട്.എങ്കിലും ഒരു വല്ലാത്ത ആരാധനയാണ് നാടോടുമ്പോള്‍ നടുവേ ഓടാതെ കുറുകെ ഓടാന്‍ ചങ്കുറ്റം കാണിക്കുന്നവരോട്.
ക്ലാസിലിരുന്നു ക്ലാവ് പിടിച്ച ചരിത്രത്തിലെ 'അവന്‍റെ' വീര കഥകള്‍ വിഴുങ്ങുമ്പോള്‍ താര സ്വപ്നം കാണാറുണ്ട് ഒരു താര ടീച്ചറെ,ജീവിതത്തിലെ സങ്കീര്‍ണതകളെ നേരിട്ടുകൊണ്ട് മുന്നോട്ടു നടക്കുന്ന-നടന്നില്ല ഒന്നും നടന്നില്ല.സാമ്പത്തിക അസമത്വം തന്നെയാണ് കാന്‍സരിനെക്കളും വലിയ വ്യാധി,അത് പ്രതീക്ഷകള്‍ക്കുമേല്‍ ഉടുമ്പിനെ പോലെ അള്ളി പിടിക്കുന്നു.എങ്കിലും താര ആത്മ വിശ്വാസത്തിന്‍റെ പാല്‍ വള്ളി പിടിച്ചു കയറാന്‍ ശ്രമിക്കുന്നു. പി.എസ്.സി പരീക്ഷകളുടെ സൌജന്യ ക്ലാസ്സുകള്‍ക്ക്‌ വായനശാലയിലേക്ക് നടക്കുന്നത് അമ്മയുടെ എതിര്‍പ്പുകളെ പിന്നിലാക്കിയാണ്.
കരണ്ട് ബില്ല് കണക്കു കേള്‍ക്കുന്നതിനു മുന്‍പേ താര വിളക്കണച്ചു .ചിന്തിയ്ക്കാന്‍ വെളിച്ചമെന്തിനു.പാണ്ടവപ്പടയുടെ ധാര്‍മികത കൌരവ പക്ഷത്തു നിന്നു താര ചോദ്യം ചെയ്തു.അഞ്ചു ദിവ്യ ഗര്‍ഭങ്ങള്‍,അഞ്ചും ദൈവ പുത്രന്മാര്‍,സഹായത്തിനു ഒരു ദൈവവും.
രാജ്യവും,സ്വന്തം പെണ്ണിനേയും വാതുവച്ചു ചൂത് കളിച്ചവരാണോ ധാര്‍മികര്‍?
ധാര്‍മിക ചിന്തകള്‍ക്ക് കുറുകെ മച്ചില്‍ എലി പാഞ്ഞു കളിച്ചു.
മച്ചിന്‍ പുറത്തെ പരക്കം പാച്ചിലുകള്‍ക്കിടയില്‍ കണ്ണുറങ്ങി,ഉറങ്ങാത്ത മനസ്സിന്‍റെ ഗര്‍ഭ പാത്രത്തില്‍ പുലരിക്കു അപഗ്രധിക്കുവാനായി സ്വപ്നങ്ങളുടെ ബീജം വളര്‍ന്നു വന്നു.
മഞ്ഞു കൂനകളില്‍ കാല്‍പ്പാടുകള്‍ ആഴത്തില്‍ പതിപ്പിച്ചുകൊണ്ട് പെണ്‍ഗിന്‍ പക്ഷികള്‍ കൂട്ടമായി നടന്നു വരുന്നു.താണ്ടുവാന്‍ പിന്നിട്ടതിലുമെരെ ദൂരമുണ്ട്,ചിറകുണ്ടായിട്ടും അത്രയും ദൂരം നടന്നു തന്നെ നീങ്ങണം,നാളിതുവരെ അനുഭവിച്ച അപമാന ഭാരവും പേറി.
ഇല്ല,ഇനിയും വയ്യ! പറക്കണം-പറന്നുയരണം.ആകാശത്തിന്‍റെ ആരും കാണാത്ത മേഘലകള്‍ താണ്ടണം.ചിറകു വിരിച്ചു പറക്കുന്ന അഹങ്കാരങ്ങളെ അത്രയും പിന്നിടണം,മേഘ മലയുടെ ഉന്നതിയില്‍ ദിഗ്വിജയത്തിന്റെ കടലമണികള്‍ കൊറിച്ചു കുശലം പറഞ്ഞിരിക്കണം.അവ കൂട്ടമായി ഒരേ കാല്‍ വെപ്പുകലൊടെ മുന്നോട്ടു നീങ്ങി.മഞ്ഞു മലയുടെ മുനമ്പില്‍ മേഘകൂട്ടങ്ങളെ വെല്ലു വിളിച്ചു കൊണ്ട് നിന്നു.ഒരേ ശ്വാസത്തില്‍ വായു നിറച്ച ബലൂണുകള്‍ പോലെ അവ പറന്നു തുടങ്ങി....
ചട്ടുകം അഞ്ചാം തവണയും ചന്തിയില്‍ പതിച്ചപ്പോള്‍ താര പിടഞ്ഞെഴുന്നേറ്റു.നോവുന്നുണ്ടായിരുന്നു.ചീ മൂടിയ കണ്ണു തുറക്കുന്നതിനു മുന്‍പേ കാതു തുളച്ചു വന്നു അമ്മയുടെ എരിവുള്ള വാക്കുകള്‍.
''നേരുച്ചയായി,പോത്ത് പോലെ ഒറങാ പെണ്ണ്,നാളെ ഒരുത്തെ കേറി ചെല്ലണ്ടല്ലേ
ഇങ്ങന ആയാ ഇതെന്താവും,എണീറ്റ്‌ മിറ്റടിക്കെടീ ..''
മുടി കെട്ടി ഒതുക്കുമ്പോള്‍ താര മരയഴിയിലുടെ മുറ്റത്തേക്ക്‌ നോക്കി.അരിമുല്ലകള്‍
വീണുകിടക്കുന്നുണ്ട് .പുലരാന്‍ കാലത്ത് കണ്ട സ്വപ്നത്തിലെ പെണ്‍ഗിനുകള്‍ താഴോട്ടാണോ പറന്നത് അതോ മുകളിലോട്ടോ? വ്യക്തമായില്ല അപ്പഴേക്കും ചട്ടുകം ചന്തിയില്‍ പതിചിരുന്നല്ലോ.
ഇന്ന് എല്‍.ഡി ക്ലാര്‍ക്കിന്റെ റാങ്കുലിസ്റ്റു വായനശാലയിലെതും.ഏതായാലും നല്ല ദിവസം തന്നെ.
അറ്റം തേഞ്ഞു ചെറുതായ ഈര്‍ക്കില്‍ ചൂലുകൊണ്ട് നെഞ്ചില്‍ വിരലമര്‍ത്തി താര മുറ്റമടിച്ചു.മത്തി പൊതിഞ്ഞു വന്ന കടലാസ് കഷണത്തില്‍ ചെരുപ്പ് ഏറു കൊള്ളുന്ന ജോര്‍ജ് ബുഷിനെ കണ്ടു താരക്ക് ചിരിവന്നു.അലക്കണം,വെള്ളം കോരണം,വിറകു ചീന്തിയിടണം, ചീന്തിയെടുത്ത വാഴയിലയില്‍ അരിമുല്ല പെറുക്കി വെക്കുമ്പോള്‍ താര ആലോചിച്ചു നെടുവീര്‍പ്പിട്ടു.
വായന ശാലയില്‍ നിന്നു മടങ്ങി വരുമ്പോള്‍ രജനിയേച്ചിയുടെ മുറ്റത്ത്‌ നിന്നു താര നീട്ടി വിളിച്ചു.
''രജനിയേച്ചി..റാങ്കു ലിസ്റ്റില്‍ എന്‍റെ പെരു വന്നു.''
താര കിതച്ചു കൊണ്ട് പറഞ്ഞു.
''ആ ഇത്ര ക്ഷണം നീ മടങ്ങി വന്നോ?''
നാസറ്‌ മാഷ്‌ പറഞ്ഞു അടുത്തമാസം അസ്സിസ്ടന്ട് ഗ്രേട്‌ പരീക്ഷ നന്നായി നോക്കിയാ എവിടേലും കയറാം ennu.
'' വേഗം നോക്കിക്കോ മോളെ അല്ലെ എന്നെ പോലെ ഇങ്ങനെ പിള്ളേരേം പെട്ട്,അടുപ്പിന്ടടുതുന്നു ഇങ്ങനെ ഉണങ്ങേണ്ടി വരും.ഇന്‍റെ അമ്മ നേരത്തെ വിളിച്ചിനു,ആരെല്ലോ വന്നിനുന്നു തോനുന്നു''
'' ഞമ്പോട്ടെ രാജനിയേച്ചി,അമ്മ ഇപ്പൊ തൊടങ്ങും...''
വീടിനു പിരകിലെതിയപ്പോ താരയുടെ കാല്‍ വെപ്പുകള്‍ പതുക്കെയായി,ഉമ്മറത്തെ സംസാരം ചെവിയോര്‍ത്തു.
''എന്നിട്ട് കുമാരേട്ടന്‍ കണ്ടിനാ?''
''ഇല്ലണ്ടാ? ഞ്ഞാല് നിത്യേന നേരതുംമാന്നു കാണുന്നെല്ലേ.നല്ല ചെക്കനാ,പോര നോക്കുന്നോനാ.ആദ്യം നമ്മളെ ബാലേട്ടന്റെ കൂടെ തെപ്പിന്റെ പനിക്കെയ്നു.ഇപ്പൊ സ്വന്തായിട്ട മേസ്തിരിയാ ,കാണാനും തരക്കേടില്ല .ഒത്താ ഓള ഭാഗ്യം.അമ്പലത്തില് വന്നാരം കണ്ടിനത്രേ.ഈ മാസം തന്നെ നടത്തി കൊടുക്കണ്ടി വരും.''
അമ്മിക്കല്ലില്‍ അമര്‍ത്തി പിടിച്ചു നില്‍ക്കുമ്പോള്‍ താര പെണ്‍ഗിന്‍ പക്ഷികളെ കുറിച്ച് ചിന്തിക്കുകയായിരുന്നു.അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ താരയും അടുക്കളയില്‍ മീന്‍ കരി വറുത്തിടാന്‍ കടുകുപാത്രം തിരയും,വിയര്‍പ്പു മണക്കുന്ന രാത്രിയോടോപ്പം അമരും,രജനിയെചിയുടെ പിന്ഗാമിയാകും. പുലരാന്‍ കാലത്ത് കണ്ട സ്വപ്നം താര അപഗ്രഥിച്ചു.
ആ പെണ്‍ഗിനുകള്‍ പരന്നുയര്‍നതല്ല അവ കൂട്ടമായി താഴേക്കു പതിച്ചതാണ്,ആഴങ്ങളിലേക്ക്.
പറങ്കി മാവിലെ പക്ഷികളെ നോക്കി അമ്മി കല്ല് ചാരി താര വെറുതെ നിന്നു,വെറുതെ....

പെണ്‍ഗിനുകള്‍ പറന്നുയരുമ്പോള്‍...
അയാള്‍ ഒന്നുകൂടെ കരുപ്പിചെഴുതി നാലായി മടക്കി കവറിനകത്തിട്ടു. കവറിനു പുറത്തു എഡിറ്റര്‍ ,പ്രദക്ഷിണം മാസിക എന്ന് ആത്മ വിശ്വാസത്തോടെ അയാള്‍ കറുപ്പിചെഴുതി. പ്രദക്ഷിണം വാരികയുടെ പറ്റി കടക്കുമ്പോള്‍ അയാള്‍ പ്രാര്‍ത്തിച്ചു.പതിനാലാം തവണയാണ് ഇതാവനയെന്കിലും കഥ പ്രസിദ്ധീകരിച്ചാല്‍ മതിയായിരുന്നു.
എല്ലാം പതിവ് പോലെ.പുരോഗമന സാഹിത്യത്തെ പറ്റി എഡിറ്റര്‍ തുപ്പല് തെറിപ്പിച്ചു ഘോരമായി സംസാരിച്ചു.കഥ സ്ഫടിക ഗോളത്തിന് കീഴെ വിശ്രമിച്ചു.നിരാശയോടെ ഇറങ്ങി നടക്കുമ്പോള്‍ അയാള്‍ കിഴവന്‍ സന്തിയാഗോയെ ഓര്‍ത്തു പുഞ്ചിരിച്ചു.84 ദിവസം മീന്‍ കിട്ടാതെ മടങ്ങിവരുമ്പോലും സാന്തിയാഗോ ഓര്‍ത്തത്‌ നാളെ കടലില്‍ പോകുന്നതാണ്.85 മത്തെ ദിവസം
തുഴഞ്ഞു നീങ്ങിയത് ആത്മവിശ്വാസത്തിന്‍റെ പുറം കടലിലെക്കാന്,ഒരു വന്‍ മീനുമായി മടങ്ങി വരാന്‍.ആത്മ വിശ്വാസത്തിന്‍റെ ആ മൂര്‍ത്ത രൂപത്തെ അയാള്‍ മനസ്സാ വണങ്ങി,ഒന്ന് കുടെ പുഞ്ചിരിച്ചു.
പിന്നിടാനുള്ള ദിക്ക്കളിലെവിടെയോ തലയെടുപ്പോടെ അലക്സാണ്ട്രിയ ബിബ്ലിയോതിക്ക നില്‍പ്പുണ്ടാവും, അതിനുമപ്പുരത്തെവിടെയോ വഞ്ചിയിരക്കി കിഴവന്‍ സാന്തിയാഗോയും നില്‍പ്പുണ്ടാകും.കോടാനു കോടികളുടെ നിശ്വാസ വായു വകഞ്ഞ് മാറ്റി അയാള്‍ ആത്മ വിശ്വാസത്തോടെ മുന്നോട്ടു തന്നെ നടന്നു.


akku..
വര- ദീപക് തലശ്ശേരി.


Wednesday, July 22, 2009

അദിയെ വിട....




























akbar iringal




നെരുദ



ചെവിക്കിടയിലുടെ അനുസരണയില്ലാതെ വീണുകിടക്കുന്ന മുടിച്ചുരുളുകള്‍ കാറ്റില്‍ ആടി ഉലയുന്നുണ്ട്. മെറീന ''curls'' എന്നാണ് അതിനെ വിളിക്കാറ്.ഇന്നവള്ടെ ജന്മ ദിനമാണ്. ക്രീം കേക്കുകളുറെ ബഹളങ്ങള്‍ക്ക് നടുവില്‍ നിന്ന് ഇന്ന് ഭീഷണിയുടെ ഒരുപാടു മിസൈലുകള്‍ എന്‍റെ സെല്‍ഫോണില്‍ തോടുത്തുവിട്ടിരുന്നു മെറീന. മജീദ്‌ മജീദിയുടെയും പദ്മരാജന്‍റെയും കൂടെയായിരുന്നു ഞാന്‍ അതിനാല്‍ ഒന്നും എനിക്ക് ഏറ്റതെയില്ല . ഇന്ന് ഞാന്‍ ഫിലിം ഫെസ്ടിവലിനു പോയതിന്‍റെ അമര്‍ഷം മുഴുവന്‍ അക്ടിവയുടെ ആക്സിലേറ്ററില്‍ തീര്‍ത്താണ് മെറീന ഇപ്പോള്‍ ബീച്ചിലെത്തിയത്. പുറം തിരിഞ്ഞു നിന്ന് കടലിനെ നോക്കി എന്നെ തെറി വിളിച്ചുകൊന്ടെയിരിക്കയാണ്, തിരകളും കാറ്റും ഒന്നൊഴിയാതെ അതെല്ലാം എന്‍റെ ചെവിയില്‍ എത്തിക്കുന്നുണ്ട്.കുറെ നേരം അവളും കടലും കലഹിച്ചു കൊണ്ടിരുന്നു.

കരക്കടിഞ്ഞ എന്തിന്ടെയോ ശവം കൊത്തിവലിക്കുന്ന കാക്കകളില്‍ എന്‍റെ കാഴ്ച തറച്ചു നിന്നു.',pluck'' ചെയ്തു അവശേഷിച്ച അല്പം പുരികം ഉയര്‍ത്തി മെറീന നോക്കി.ഒരു കലഹതിന്ടെ രസതന്ത്രം ഉണ്ടായിരുന്നു ആ നോട്ടത്തില്‍,പ്ലക്ക് ചെയ്ത പുരികം,ഫെഷിയെല്‍ ചെയ്ത മുഖം,എട്ടാമത് മാറിയുടുത്ത ഡ്രസ്സ്‌ ഇതൊന്നും നോക്കാതെ നീ...
പക്ഷെ എന്നെ അമ്പരപ്പിച്ചു മെറീന ചോദിച്ചു.
''എങ്ങിനുണ്ടായിരുന്നു സാറിന്‍റെ ഫിലിം ഫെസ്റ്റിവല്‍?''
അമ്പരന്നെങ്കിലും ഞാന്‍ ആവേശത്തോടെ പറഞ്ഞു.
''ഹോ കാണേണ്ടതായിരുന്നു മെറീന,സമാപന ചിത്രം മജീദിയുടെ Childrens of Heaven ഒരനുഭവമായിരുന്നു. പിന്നെ പദ്മരാജനെ കുറിച്ച് ഒരു ഡോകുമെന്ടരി.''
കലാപം അല്പസാമായതെക്ക് മാറ്റിവച്ചു മെറീന കേട്ടിരുന്നു. എന്‍റെ കൈയിലുള്ള സമ്മാന പൊതി അവളെ മിതവാദിയാക്കിയിരിക്കുന്നു.സമ്മാന കൂമ്പാരങ്ങളില്‍ നിന്നു അവള്‍ ഓടിവന്നത് ഇതിനു വേണ്ടി തന്നെയാണ്,പ്രതീക്ഷകളുമായി..

''ദാ ഇത് നോക്കിയെ ജോ...?
ഞാന്‍ പറഞ്ഞില്ലേ പപ്പയുടെ ജര്‍മനിയിലുള്ള ഫ്രെണ്ട് ഗ്രിഗരിയങ്കില്‍
അങ്കിളിന്‍റെ പ്രസന്ട്.''
ipod ബാഗില്‍നിന്നു എടുത്തു കൌതുകതൊടെ എന്നെ കാണിച്ചു മെറീന ഭദ്രമായി വച്ചു.
''ഈ ബാങ്കില്‍ ട്രീസ ആന്‍റിയുടെ വകയാ..രണ്ടേകാല്‍ പവനാ 18gm..
ഇറ്റാലിയന്‍ ഡിസൈനത്രേ , cute അല്ലെ ജോ..''
ജീന്‍സ്‌ അല്പം തെറുത്തു കയറ്റി മെറീന പറഞ്ഞു...
''ഭംഗിയായിട്ടുണ്ട്.''

ചത്തുമലര്‍ന്ന ശവത്തിനുമേല്‍ കാക്ക കൊക്കുകള്‍ പതിക്കുമ്പോള്‍ ഈച്ചകള്‍ പറന്നു പൊങ്ങുകയും,വീണ്ടും വന്നു നിക്കുകയും ചെയ്തു കൊണ്ടിരുന്നു.അത് തുടര്‍ന്നുകൊന്ടെയിരുന്നു.മെറീന എന്നെ നോക്കുകയും മൂക്കുവിടര്‍ത്തുകയും ചെയ്തു കൈ പിടിച്ചു വലിച്ചു നടന്നു.കുറച്ചുമാറി കമഴ്ത്തിയിട്ട തോണിക്കുമേല്‍ ചാരിനിന്നു.

പ്രതീക്ഷയുടെ ചുവന്ന വെളിച്ചം പരത്തി ഒരു ഫീനിക്സ് പക്ഷിയെ പോലെ സൂര്യന്‍ അസ്തമയത്തിന്റെ ചിതയില്‍ ചാടി മരിക്കാന്‍ തുടങ്ങി, ആ ചിതയില്‍നിന്നു പിന്നെയുംഉയര്‍ന്നു പൊങ്ങും,വെള്ള ചിറകുകള്‍ വിടര്‍ത്തി..
''അയ്യോ,ജോ..? മറന്നു ശിഖയും മനുവും വന്നിരുന്നു.അവരുടെ സമ്മാനമാ ഇത്..''
ബോക്സ്‌ മടിയില്‍ വച്ചു മെറീന പറഞ്ഞു.
''നോകിയയുടെ ഏറ്റവും പുതിയ മോഡലാ..touch screen,''
''മറ്റൊന്ന് ഇറങ്ങുന്നത് വരെ അല്ലെ?''
ഞാന്‍ ചോദിച്ചത് മെറീന ശ്രദ്ധിച്ചില്ല എന്ന് തോനുന്നു.
''പക്ഷെ എന്‍റെ ഏറ്റവും വലിയ സമ്മാനം ദാ ആ പൊതിയിലുന്ടു..അതിലും വരില്ല ഇതൊന്നും.
നിന്‍റെ ആദ്യ സമ്മാനം,എന്‍റെ സ്വപ്നം.'''മെറീന എന്‍റെ കൈ ചുറ്റിപിടിച്ചു ചുമലില്‍ തല ചായ്ച്ചുകൊണ്ടു പറഞ്ഞു.

കലഹിക്കാതെ,മുഖം മൂടിയില്ലാതെ ജാഡകള്‍ വെടിഞ്ഞു അസ്ഥിത്വത്തോട്‌ നീതി പുലര്‍ത്തി മെറീന അല്‍പസമയം ചുമലില്‍ ചാരി കിടന്നു.നീളന്‍ കൈകള്‍ തെറുത്തു കയറ്റി തിരകള്‍കു നേരെ നടക്കുമ്പോള്‍ മെറീന എന്നെ വിളിച്ചു കൊണ്ടിരുന്നു.
''ജോ..? വായോ,എന്തിരിപ്പാ ഇത്,ഇങ്ങനെ ചടഞ്ഞു കൂടി ഇരിക്കാനാണോ ഇവിടെ വന്നെ?''
എന്തോ...
എന്‍റെ മനസ്സില്‍ അലിയായിരുന്നു..
രണ്ടാം സമ്മാനത്തിനു വേണ്ടി മത്സരിച്ച ലോകത്തിലെ ആദ്യ മത്സരാര്‍ത്തി
ഒന്നാം സമ്മാനം കിട്ടിയപ്പോ എല്ലാം നഷ്ടപെട്ട,ദുഖിച്ച,മത്സരാര്‍ത്തി..
മജീദിയുടെ അലി.
എന്‍റെ മനസ്സില്‍ പദ്മരാജനയിരുന്നു...
മുന്തിരി തോട്ടങ്ങളില്‍ പെയ്തു നിറഞ്ഞ പ്രണയ മഴയായിരുന്നു.
ഇതൊക്കെ ഞാനെങ്ങിനെ ഈ കലഹ പ്രിയയോടു പറയും.പറഞ്ഞിട്ടെന്തു കാര്യം.

ബോട്ടണി ബ്ലോക്കിന് പിന്നിലെ തേക്ക് മരങ്ങളുടെ കറുത്ത തണലില്‍ ഞാനന്ന് മനസ്സിന്‍റെ നേരിയ നൂലുകളില്‍ ചിന്തയുടെ ഇരഞ്ഞിപൂവുകള്‍ കൊര്‍ക്കുകയായിരുന്നു.തിയറി ക്ലാസ്സിന്റെ ചുമരുകളില്‍ നിന്ന് രക്ഷപെടുവാന്‍ മേരീനയും വന്നിരുന്നു,മിനുസമുള്ള തേക്ക് മരത്തിന്‍റെ വേരുകളിലിരിക്കാന്‍.ഖലീല്‍ ജിബ്രാന്‍ ,മേസിയാദക്കു അയച്ച പ്രണയ ലേഖനങ്ങള്‍ ഞാനവള്‍ക്ക് നല്‍കി.അവള്‍ ആ പ്രണയ ലേഖനങ്ങളെ പ്രണയിച്ചു.അവള്‍ തിയറി ക്ലാസ്സുകളില്‍ നിന്ന് രക്ഷപെട്ടു കൊണ്ടെ ഇരുന്നു.
പിന്നീടൊരിക്കല്‍ ഞാനവള്‍ക്ക് ''ഖസാക്കിന്‍റെ ഇതിഹാസം''പറഞ്ഞു കൊടുത്തു,അത് കേട്ട് അവള്‍ പറഞ്ഞു.''ആഹാ നല്ല കിടിലന്‍ സെക്സ്‌ സ്റ്റോറി''എന്ന്.അന്നെന്‍റെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി ,ഞാന്‍ ഒന്നും തന്നെ പ്രതികരിച്ചില്ല.അവള്‍ പോയ്‌ കഴിഞ്ഞപ്പോള്‍ ഞാന്‍ തേക്ക് മരങ്ങളെ നോക്കി അറിയാവുന്ന തെറികള്‍ മുഴുവന്‍ വിളിച്ചു.

ജോ..?
ആ വിളി അടുത്ത കലാപത്തിന്‍റെ കാഹളമായിരുന്നു.എന്ത് കടുത്ത തീരുമാനങ്ങളും എടുക്കാന്‍ വളരെ ചെറിയ സമയമേ മെറീന എടുക്കാരുള്ള്.ഞാന്‍ എഴുന്നേറ്റു തിരകള്‍ക്കു നേരെ അവളുടെ അടുത്തേക്ക് നടന്നു.
തിരകള്‍ക്കു നേരെ അവളുടെ കൈ പിടിച്ചു ഓടണം,
തിരവരുമ്പോള്‍ തിരിഞ്ഞോടണം.
ജീവിതത്തില്‍ ഒരിക്കലും ശങ്കുകളും ഇത്തിളുകളും കണ്ടിട്ടില്ലാത്ത പോലെ അവ പെറുക്കി കൂട്ടണം,
നനഞ്ഞ മണലില്‍ പെരെഴുതികളിക്കണം,തിര മായ്ക്കുമ്പോള്‍ പിന്നെയും എഴുതണം.
ഇങ്ങനെ പ്രണയത്തിന്‍റെ typical ചലിത ബിംബങ്ങളില്‍ അവളോടൊപ്പം ചേരണം.

അസ്ഥിത്വതിന്‍റെ ചിതാഭസ്മം കടലില്‍ ഒഴുക്കി ഞാനവളോടൊപ്പം തിരകളില്‍ നനഞ്ഞു.
നനഞ്ഞൊട്ടിയ വെളുത്ത ഷര്‍ട്ട്‌ വിടുവിച്ചിട്ടു കൊണ്ട് എന്റെ കണ്ണുകളിലേക്കു ഒരു മായ പൊന്മാനെ തുറന്നു വിട്ടു മെറീന.ഞാന്‍ സീതയായില്ല,ഞാന്‍ പൊന്മാനെ കണ്ടില്ല,മാരിചനെ കണ്ടു
ഞാന്‍ ലക്ഷ്മണനായി.കൊല്ലുക എളുപ്പമാണ് ചാവാതിരിക്കലാണ് പ്രയാസകരം.
പുരികമുയര്‍ത്തി പുച്ഛം തുപ്പുന്ന ഒരു നോട്ടം സമ്മാനിച്ച്‌ മെറീന തോണിക്ക് നേരെ നടന്നു.
''ജോ..
നേരമിരുട്ടി,ഞാന്‍ പോകാ..
അതിങ്ങു തന്നേക്ക്‌.
സാറിന്‍റെ മനസ്സില്‍ മജീടിയും,പദ്മരാജനുമോക്കെയല്ലേ?
ഞാന്‍ പോയേക്കാം..''
ഉല്സാഹതൊടെ മെറീന കവറില്‍ നിന്ന് സമ്മാനപൊതി പുറത്തെടുത്ത്.
''can you guess?''
''അതിന്‍റെ ആവശ്യമില്ല ജോ..
എനിക്കറിയാം എന്താണിതെന്ന്.ഇപ്പോഴും പറയാറില്ലേ എന്റെ വിരലുകള്‍ക്ക് മഞ്ഞ ലോഹമല്ല
വെളുത്ത ലോഹമാണ് ഇണങ്ങുക എന്ന്.ഇന്ന് ഗിഫ്റ്റുകള്‍ തുറക്കുമ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്ക യായിരുന്നു ആരും അത് തന്നെക്കല്ലേ എന്ന്.പക്ഷെ വേറെ എന്തോ ഒരു സര്‍പ്രൈസ് കുടോണ്ട്,''
എന്‍റെ മുഖം മങ്ങി,സന്ധ്യ പോലെ.
മെറീന ആവേശ തോടെ പൊതി തുറന്നു.
ശോകഗ്രസ്ഥമായ നെടുവീര്‍പ്പുകള്‍.
Pablo Neruda....
Twenty Poems of love and a Song of Despair
ഇതളുകള്‍ വിരിച്ചു നെരൂദയുടെ ഇരുപതു കവിതകള്‍ കാറ്റില്‍ പറന്നു.
ചുവന്നു നിറഞ്ഞ കണ്ണുകളിലേക്കു എനിക്ക് നോക്കുവാന്‍ കഴിഞ്ഞില്ല.
ഒരു വാക്കുപോലും മിണ്ടാതെ മെറീന അക്ടിവ ലക്ഷ്യമാക്കി നടന്നു.
മെറീന എന്ന് വിളിക്കാന്‍ എനിക്കോ,ഒന്ന് തിരിഞ്ഞു നോക്കാന്‍ മെറീനക്കോ തോന്നിയില്ല.
ധമനികളില്‍ നിര്‍വികാരത പടര്‍ന്നു പിടിച്ചു.
അക്ടിവ, ചക്രങ്ങള്‍ മണ്ണില്‍ ചുഴറ്റി പുക പരത്തി വെടിയുണ്ട പോലെ പാഞ്ഞു പോയി.
ചിന്തക്ക് മുകളിലുടെ ഒരു ദിക്കുകാട്ടി പക്ഷി പറന്നു പോയി.

മെറീന നീ ശരിയായിരുന്നു.ഞാനൊരു വലിയ വട്ടപൂജ്യമാണ്,ഭൂഗോളം പോലെ.ഞാന്‍ ഉരുട്ടി കൊണ്ട് പോകുന്നതും ഒരു വട്ടപൂജ്യമാണ്,മലമുകളിലേക്ക്.ഉച്ചിയിലെത്തി അത് താഴേക്ക്‌ എറിഞ്ഞു ആ പഴയ ഭ്രാന്തില്ലാത്ത ഭ്രാന്തനെ ശരിക്കുമൊരു ഭ്രാന്തനാക്കില്ല ഞാന്‍. ആ വട്ടപൂജ്യത്തില്‍ കയറി ഇരുന്നു ഓസിമാണ്ടിയാസ്‌ രാജാവ്‌ പറഞ്ഞത് പോലെ പറയും''my name is ozimandias,king of kings''. വിലപിടിപ്പുള്ള അക്കങ്ങളുമായി താഴെ നില്‍ക്കുന്ന കോടാനുകോടികള്‍ എന്‍റെ വാക്കുകള്‍ കേള്‍ക്കില്ല,കാല്പനികതയുടെ ഇളം വെയില് വീണ വഴിയരുകിലെവിടെയോ ഒരു മരത്തനലിലിരുന്നു ഷെല്ലി കേട്ടു,പിന്നെ ആരൊക്കെയോ കേട്ടു.വട്ടപൂജ്യം കൈവശമില്ലാത്തവര്‍ എന്നെ ആവശ്യപെട്ടുകൊണ്ടിരുന്നു,അക്കങ്ങള്‍ക്ക് വിലകൂട്ടുവാന്‍.
അപ്പോള്‍ ഞാന്‍ തെറ്റുമായിരുന്നില്ല.അപ്പോള്‍ ആരെ ശിക്ഷിക്കും,മൌന സമ്മദങ്ങളുടെ വാടിയ ഇലകള്‍ പൊഴിച്ചിട്ട ആ തേക്ക് മരങ്ങളെ ശിക്ഷിക്കാം.

പ്രണയത്തിന്‍റെ ഇരുപതു കവിതകളില്‍ മണല് പറ്റി.കാറ്റില്‍ ഇതളുകള്‍ മറിഞ്ഞപ്പോള്‍, പദ്മരാജന്‍റെ വരികള്‍.

-''നിന്നെ ഞാന്‍ പ്രണയിക്കുന്നു,എന്നതിനെക്കാള്‍,നിന്നെ അന്ന് പ്രണയിച്ചിരുന്നു എന്ന് പറയുന്നതാനെനിക്കിഷ്ടം.വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് കേള്‍ക്കുമ്പോള്‍ നീ അത്ഭുതത്തോടെ പുഞ്ചിരിക്കും...
എനിക്ക് അത് കാണണം,അത്രയും മതി.....''-

വായിച്ചപ്പോള്‍ കരയുവാന്‍ തോന്നി,ചിരിക്കുവാനും.
2005 ഡിസംബര്‍ 31 കടലില്‍ ചാടി ആത്മഹത്യ ചെയ്തു.



വിശ്വേട്ടന്‍റെ ചായ കടക്കു മുന്‍പില്‍ പായസ വിതരണം,പുതു വര്‍ഷഘോഷം.കവലയില്‍ 2008 ബലൂണില്‍ തൂങ്ങി കിടക്കുന്നു.പായസം വാങ്ങി സ്റ്റെഷനിലേക്ക് മോശമല്ലാത്ത വേഗത്തില്‍ നടന്നു.ഭാഗ്യം പരശുറാം വരുന്നതേ ഉള്ളു..
ചാലക്കുടി വരെ ഡോര് പിടിച്ചു നിന്ന്,നല്ല തിരക്ക്.വണ്ടി നീങ്ങി തുടങ്ങിയപ്പോള്‍ വെറുതെ മെറീനയെ കുറിച്ച് ഓര്‍ത്തു പോയി,രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം.നെരൂദയും, മെറീനയുടെ വിവാഹ പര്‍വവും,ജര്‍മന്‍കാണ്ടവുമെല്ലാം മനസ്സിലുടെ ചൂളം വിളിച്ചു കടന്നു പോയി.തിയറി ക്ലാസുകളില്‍ നിന്ന് എന്നിലേക്കും,എന്നില്‍ നിന്ന് ജര്‍മനിയിലേക്കും രക്ഷപെട്ട മെരീനയെയും,കാലത്തിന്‍റെ ഫലിത ബിന്ദുക്കളേയും ഓര്‍ത്തു ചിരിച്ചു പോയി.മെറീന ശരിയായിരുന്നു,കടലുകടന്നു പോയ ഒരു ശരി.തെറ്റ് ചെയ്തത് നെരൂദ ആയിരുന്നു.
ഓര്‍മകളുടെ ഒപ്പം കുറച്ചു ദൂരം പോയി,എറണാകുളതെത്താന്‍ ഇനിയുമുണ്ട്.

2005 പുതു വര്‍ഷത്തില്‍ മെറീന ഒരു നല്ല തീരുമാനമെടുത്തു
,2008 ല്‍ ഞാനുമെടുത്തു.ഇന്ന് മുതല്‍ സിനിമ പഠിച്ചു കളയാം എന്ന്.തുടക്കം ഒരു നല്ല ദിവസം തന്നെ ആകട്ടെ.
ഒരു ചായയും പത്രവും വാങ്ങിച്ചു.ഹോം പേജില്‍ പുതു വര്‍ഷ ആഘോഷങ്ങള്‍ക്ക് താഴെ ഒരു പ്രധാന വാര്‍ത്ത,''സെക്സ്‌ അപ്പീലില്‍ ബ്രാഡ് പിറ്റ് മുന്‍പന്‍'' എന്നാ തലകെട്ടോടെ.
അതിനു താഴെ ചെറിയ കോളത്തില്‍ ഒരു അപ്രധാന വാര്‍ത്തയും''ഗാസയില്‍ സ്കൂളിനു നേരെ അക്രമണം, 89 കുട്ടികള്‍ മരിച്ചു.''

F.M ചെവിയില്‍ തിരുകി കണ്ണടച്ചു ചാരി കിടന്നു
.


അക്കു.





































Sunday, June 7, 2009


നീര്മാതളത്തിന്‍റെ പൂക്കാലമേ.. നിന്‍റെ അസ്ഥി മാടത്തില്‍ എന്‍റെ ഒരു നുള്ളു കാക്കപ്പൂ..

Monday, May 25, 2009















അക്ബര്‍ ഇരിങ്ങല്‍


ചുവപ്പ് കാര്‍ഡ്

വിതുമ്പലുകള്‍ക്കിടയില്‍ നിന്നും രക്ഷപെട്ടതായിരുന്നു.കൂടിനിന്നവര്‍ക്കിടയിലൂടെ ബസാരിലേക്കിറങ്ങി
ഇരുപത്തി ഒന്‍പതു ലകഷ്യമാക്കി നടന്നു.രാവിലെ മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴ മുഴുവന്‍ നനഞ്ഞിട്ടുണ്ട്.
.ഹരിയുടെ ശവ സംസ്കാരം കഴിഞ്ഞതെയുള്ളൂ. ഞായര്‍ പുലര്‍ന്നത് നഷ്ട പെടലിന്ടെ പേമാരിയുമായാണ്. നനഞ്ഞു ദ്രവിച്ച മരപ്പടികള്‍ ,കയറില്‍ പിടിച്ചു കയറുക ഒരു സഹാസമാണ്..മനസ്സിനും ശരീരത്തിനും അവശത ബാധിച്ചപ്പോള്‍ ഒന്‍പതു പടികള്‍ കഠിന മാകുന്നു.എങ്കിലും തിരിച്ചുവരാന്‍ മാളമേ ഉള്ളു‌. ആറു കാലങ്ങളായി പടികളിറങ്ങി പോകുന്നു;തിരിച്ചു കയറുവാനായി.

പേമാരി ആണെങ്കിലും താഴെ ബസാറില്‍ തിരക്കൊഴിയുന്നില്ല.കുട ചുടിയും മഴ നനഞ്ഞും എന്തിനൊക്കെയോ വേണ്ടി പോകുന്നവര്‍.ഫുട് പാത്തില്‍ മഴയോടും കൈനീട്ടി ഭിക്ഷ യാചിക്കുന്നവരെ കാണാം.കുഷ്ഠ രോഗികള്‍,ഭ്രാന്തന്‍മാര്‍ ,വികലാങ്കര്‍ ഹതാശരായ ഇത്തരം കാഴ്ച വസ്തുക്കള്‍ നിരത്തിനെയും നിറക്കുന്നു. ഇനലെ വരെ ഞാനും ഹരിയും നിരത്ത് കളുടെ അലങ്കാരമായിരുന്നു. ഇന്ന് ഞാന്‍ ഹരിയില്ലാത്ത ബസാറിന്റെ കഴ്ച്ചക്കാരനയിരിക്കുന്നു.കണ്ണുകള്‍ വല്ലാതെ വേദനിക്കുന്നു.



ICICI യുടെ അടുത്തുള്ള ബ്രാഞ്ചില്‍ മാറ്റം കിട്ടിയത് മുതല്‍ അവധിദിനങ്ങള്‍ ഹരീന്ദ്ര നാഥ്‌ ചിലവഴിക്കുന്നത് എന്‍റെയീ ഒറ്റ മുറിലായിരിക്കും.അവന്റെ മുറിമലയാളം കേട്ട് ,ഫുട്ബോള്‍ പറഞ്ഞ്,സിനിമ പറഞ്ഞ്,സാഹിത്യം പറഞ്ഞ്,ഇടക്കൊക്കെ പാചകവും പരീക്ഷിച്ചു എത്രനാള്‍...ആറു വര്‍ഷം മുമ്പ് ഒരു മൈതാനത്തില്‍ പരിചയപ്പെടുമ്പോള്‍ ഒട്ടും പ്രതീക്ഷിച്ചതല്ല ,ഹരി എന്‍റെ ജീവിതത്തില്‍ ഇത്രയും ഇടപെടുന്ന ഒരാളായിരിക്കുമെന്ന്.പിന്നെ കല്പന്തുകളിയും പുസ്തകങ്ങളുമായി കുറെ നാള്‍.'റേ' യുടെ സിനിമാകൊട്ടകയില്‍, ഹൗറ പാലത്തിന്റെ തിണ്ണ കളില്‍ ,കല്‍ക്കത്തയിലെ മഴ പെയ്യുന്ന സന്ധ്യകളില്‍.......


ഒരു കാപ്പിയിട്ടു,ജനലഴിയിലുറെ കല്‍ക്കത്തയുടെ മഴ കാഴ്ചകള്‍ നോക്കിയിരുന്നു,ജഗജിത്‌ സിംഗിന്റെ ഗസല് പരക്കുന്നു മുറിയില്‍.പക്ഷെ മനസ്സ് വഴുതി കൊണ്ടെ ഇരുന്നു,എവിടെയോക്കെയോ കറങ്ങി ഒടുവില്‍ ഹരിയില്‍ തന്നെഎത്തികൊണ്ടിരുന്നു .ഒടുവില്‍ റിമോട്ടില്‍ അഭയം പ്രാപിച്ചു.
ഒരു ലൈവ് ഫുട് ബോള്‍ മാച്ച് ഉണ്ടായിരുന്നിട്ടും ശ്രദ്ധിക്കാന്‍ മനസ്സ് വന്നില്ല.ഹങ്കറിയുടെ ഏതോ ക്ലബ് മാച്ച്.എന്നിരുന്നാലും ചാനലു മറ്റാന്‍ തോന്നിയില്ല.മത്സരം ആവേശത്തിന്റെ അവസാന മിനിട്ടുകളിലാണ്‌.മൊട്ടത്തലയന്‍ കൊളിനോ കളി നിയന്ത്രിച്ചു ഓടി നടക്കുന്നു.

ഹരിയും നല്ല ഒരു പ്ലെയരായിരുന്നു. ഫുട്ബോളിനെ പറ്റി അവന്‍റെ കാഴ്ച പാടുകളും തത്വങ്ങളും എന്നെ പലവട്ടം വിസ്മയിപ്പിച്ചിട്ടുണ്ട്. ചിലപ്പോള്‍ വിക്ടോറിയ പാര്‍ക്കിലെ സിമണ്ട് ബഞ്ചില്‍ ഇരുന്നവും അവന്‍റെ തത്വങ്ങള്‍,ചിലപ്പോള്‍ മാര്‍കെസിനെയും ഫയദൊരി നെയും അന്വേഷിച്ചു വായനശാലയില്‍ എത്തുമ്പോള്‍ ആയിരുക്കും.അവിടെ മഹാന്മാര്‍ക്കിടയില്‍ നിന്ന് ഹരി ദര്‍ശനങ്ങള്‍ പടച്ചുവിട്ടു വിസ്മയിപ്പിച്ചു കൊണ്ടേ ഇരിക്ക‌ും.അനുവദിച്ച നിശ്ചിത സമയത്തില്‍ പിറന്നത്‌ മുതല്‍ മരണം വരെ മൈതാനത്തിലെ കളിക്കാരനെ പോലെ മനുഷ്യനും ഓടി കൊണ്ടിരിക്കുന്നു.ഓരോ ലകഷ്യ ങ്ങള്‍ക്കായി,ചിലര് നേടുന്നു,ചിലര്‍ക്ക് നഷ്ടപ്പെടുന്നു.,പിന്നെയും ഓടുന്നു.മാച്ച് റഫറിയെ പോലെ എല്ലാം നിയ്ന്ത്രിക്കുന്നവന്ടെ കണ്ണുകള്‍ അവനെ പിന്തുടരുന്നു,മഞ്ഞയും ചുവപ്പും കാര്‍ഡുകളും ആയി എന്നിന്നനെ ഒരു പാടു ചിന്താ ശകലങ്ങള്‍ എന്നില്‍ നട്ടു പിടിപ്പിച്ചു ഹരി വെറുതെ നിന്ന് ചിരിക്കും.



പുല്‍ മൈതനാതിന്ടെ കിതപ്പിലും, വിയര്‍പ്പിലും അങ്ങിനെ ഒരു ആത്മ ബന്ധം തഴച്ചു വളര്‍ന്നു.പിന്നെ ഫക്ടരിയുറെ ചുളം വിളിയും,ജട്കയുറെ കിതപ്പും കേട്ട് ,വിശുദ്ദ മാലാഖയുടെ പാദങ്ങള്‍ പതിഞ്ഞ മണ്ണില്‍ കുറെ കാലം....ഒരു കാലം പെടുന്നനവേ ഒരു ഞായറാഴ്ചയില്‍ അവസാനിച്ച പോലെ:ജീവിതത്തിലെ കുറെ നല്ല ഏടുകളും. നിറഞ്ഞു കലങ്ങിയ കണ്ണില്‍ പതിയെ ചുവപ്പ് നിറമുള്ള ജേഴ്സി തെളിഞ്ഞു വന്നു.അവസാന വിസിലിനു നിമിഷങ്ങള്‍ക്ക് മുന്‍പ് ഇരുപത്തി ഒന്‍പതാം നമ്പര്‍ കളിക്കാരന്‍ മൈതാനത്തിലേക്ക് പാഞ്ഞു വന്നു പന്തുമായി ഓടി ക്കയറി.പെട്ടന്ന് തന്നെ ഒരു ഫൗള്‍;ഇരുപത്തി ഒന്‍പതാം നമ്പര്‍ കളിക്കാരന്‍ മിക്കലോസ്‌ഫെഹരിനു റഫറിയുടെ കടുത്ത ശിക്ഷ,ചുവപ്പ് കാര്‍ഡ്.മൈതാനം സ്തമ്പിച്ചു!തിരിഞ്ഞു നടന്ന ഫെഹാര്‍ റഫറിയുടെ മുന്‍പില്‍ മുട്ട് കുത്തി വീണു,ശിരസ്സ്‌ മൈതാനത്തില്‍ അമര്‍ന്നു.ഓടിയടുക്കുന്ന കളിക്കാര്‍,ഡോക്ടര്‍....കളി മുടങ്ങി.അല്‍പസമയം കഴിഞ്ഞു ഒരു ഫ്ലാഷ് ന്യൂസ്‌ ''മികൊലോസ്‌ ഫെഹാര്‍ കളിക്കിടയില്‍ കുഴഞ്ഞു വീണു മരിച്ചു."കണ്ണില്‍ ഇരുട്ട് കയറിയത് പോലെ...
അഞ്ചു നിമിഷത്തിനുള്ളില്‍ അവസാനിച്ചു ഒരു ജീവന്‍.വേണ്ടായിരുന്നു,കണ്ണടച്ചു കിടന്നാല്‍ മതിയായിരുന്നു.



കണ്ണടച്ചു കിടന്നു. ഹരിയും ഫെഹരും കുറെ ചിന്തകളും മനസ്സിനെ ഉഴുതു മറിച്ചു.മൈതാനത്തിന്റെ മദ്ധ്യത്തില്‍ നിന്ന് പന്തുമായി ഗോള്‍മുഖം വരെ യുള്ള ചെറിയ ദുരം,കഴിഞ്ഞില്ല:വീട്ടില്‍ നിന്ന്ബസാര്‍ വരെ ഹരിക്കും.ജീവിതത്തില്‍ നിന്ന് മരണത്തിലേക്ക് പത്തടി ദുരം.സഹജീവികള്‍ ഒരു മുന്നറിയിപ്പ് മില്ലാതെ ശുന്യത സൃഷ്ടിച്ചു കളയുന്നു.ചുവപ്പ് കാര്‍ഡ് കിട്ടി മൈതാനം വിടുന്ന കളിക്കാരന്‍റെ പൊസിഷന്‍ പോലെ.ഒരുറക്കം വലിയ അനുഗ്രഹമായിരിക്കും ഇപ്പോള്‍.കഴിഞ്ഞെങ്കില്‍....

രൂപം പ്രാപിക്കാത്ത ഒരു കുറെ ചിന്തകള്‍ മനസ്സിന്‍റെ താഴ്‌വരയില്‍ അപ്പൂപ്പന്‍ താടികളായി പറന്നു നടക്കുന്നു.ഇരുള് തുരക്കുന്ന ഹെഡ് ലൈറ്റിന്റെ മഞ്ഞ വെളിച്ചത്തില്‍ ചിതറിയ മഴക്കഷണങ്ങള്‍.മഴവിഷാദത്തിന്‍റെ തന്ദ്രികള്‍ മീട്ടുന്നു.,അതീ കറുത്ത നഗരത്തിലാകെ പരക്കുന്നു. നഷ്ടപ്പെടലിന്റെ മണ മുണ്ട് രാത്രി മഴയ്ക്ക്.മയക്കമേ എന്നെ കുടെ കൊണ്ടു പോകുമോ നിന്‍റെ അരളികള്‍ പൂത്ത താഴ്വരയിലേക്ക്....

* * * * * * * * * * * * * *

ഏറെ വൈകിയാണ് എഴുന്നേറ്റത്,ലോന്ത്രിക്കാരന്‍ കതകിനടിച്ചപ്പോള്‍, ഇന്ന് ദുര്‍ഗന്ധം വമിക്കുന്ന വളം ഫാക്ടറിയില് പോകേണ്ടതില്ല,അവസ്സാനിച്ചിരിക്കുന്നു;ഒന്പതു വര്ഷത്തെ സേവനം.ഇനി മടങ്ങണം പച്ച നിറമുള്ള എന്റെ നാട്ടിലേക്ക്.വൈകുന്നേരം ഹൗറ എക്സ്പ്രസ് എന്നെ കൂടെ കൊണ്ടുപോകും ,മഴപെയ്യുന്ന തൊടിയിലേക്ക്,കവുങ്ങിന്‍ തോപ്പിലേക്ക്...ഒത്തിരി ജോലികളുണ്ട്ഓഫീസില്‍ പോകണം .എനിക്കും എന്റെ നഷ്ടപെട്ട ഇന്നലകള്ക്കും ഹൗറയില്‍ ടിക്കറ്റെടുക്കണം,അരികില്;ജനലിനരികില്‍...ഹരിയുടെ കുട്ടികളെ കണ്ടു യാത്ര പറയണം,ഹരി കളിക്കളം വിട്ടിട്ടു മൂന്നു വര്‍ഷം കഴിയുന്നു.

ഇന്നുമുതല്‍ എന്തെല്ലാം നഷ്ടപ്പെടും,എന്തെല്ലാം നേടും.'ഷെല്ലി'യുടെ വെസ്റ്റ് വിന്ട് പോലെയാണ് കാലം.ആഞ്ഞടിച്ചു പൊഴിച്ചു കളയുന്ന ഇലകളും പൂക്കളും മറ്റൊരിടത്ത് അരുമയോടെ നിക്ഷേപിച്ചു സൃഷ്ടി കര്മ്മവും നടത്തുന്നു.നഷ്ടങ്ങളുടെ പെരുമഴ,ആബാല വൃദ്ദം വ്യാപരിച്ചിരുന്ന ബസാറുകള്‍,കീഴടക്കിയവര്‍ അവശേഷിപ്പിച്ച തലയെടുപ്പുള്ള കെട്ടിടങ്ങള്‍,പുകച്ചുരുളുയരുന്ന ഫാക്ടറികള്,മനസ്സില്‍ പതിഞ്ഞ ഒരു പിടി മുഖങ്ങള്‍ എന്തെല്ലാം....ഇരുപത്തി ഒന്പതിന്ടെ ചുമരുകള്‍ ഇനി എന്റെ നിശ്വാസങ്ങള്‍ ഏറ്റു വാങ്ങുകയില്ല,ഇനി ഒരിക്കലും കയറില്ല ഒന്പതു പടികള്‍,ഇനിയില്ല ഒരു തിരിച്ചു വരവ്...

സ്റ്റേഷനില്‍ നല്ലതിരക്ക്.സിമന്ടു ബെഞ്ചില്‍ ചാരികിടന്നപ്പൊള്‍ പിന്നില്‍ നഷ്ടപെട്ട ഭൂതകാലം കണ്ണില്‍ ഉരുണ്ടുകൂടിതുടങ്ങി.ഒടുങ്ങാത്ത സഞ്ചാരത്തിന്ടെ ചൂളം വിളിയുമായി ഹൗറ വന്നു നിന്നു.യാത്രയാക്കാന്‍ ആരുമില്ല,ഹരിയില്ല;അവന്ടെ ഓര്മ്മകള്‍ ഉണ്ട്.ജനലിനരികിലേക്ക് നീങ്ങിയിരുന്ന് കൈവീശി യാത്ര പറഞ്ഞു;മണ്മറഞ്ഞ പ്രിയപ്പെട്ട കൂട്ടുകാരന്...

വിട...

വിട തരിക കറുത്ത നഗരമേ...

എന്റെ ഒന്പതു വര്ഷങ്ങള്‍ ഞാന് നിനക്ക് തന്നില്ലയോ,

വിട മാത്രമല്ലെ ഞാന് തിരിച്ചു ചോദിക്കുന്നുള്ളൂ...

വിട തരിക മഴപെയ്യുന്ന സന്ധ്യകളെ...

എത്ര നേരമെന്നറിയില്ല ,നല്ല ഉറക്കമായിരുന്നു. മുഖത്ത് ചാറല്‍ മഴ ശക്തി കണ്ണ് തുറന്നത്. തെങ്ങോലതലപ്പില്‍ വീഴാന്‍ മടിച്ചു നില്ക്കുന്ന മഴ തുള്ളികളിലാന്.

തിര‌ുര്‍ സ്റ്റേഷന്‍ :

വഴിയിലാകെ വന് കട്ടൌട്ടറുകള്‍

ക്രിസ്ത്യാനോ,മെസ്സി,കാക..

മലപ്പുറം ലോകകപ്പിന്‍റെ ആവേശത്തിലാണ്. റെയില്‍വേ മൈതാനത്തില്‍ മഞ്ഞയും നീലയും ജേഴ്സി അണിഞ്ഞു മഴയത്തും കുട്ടികള്‍ ഫുട്ബാള്‍ കളിക്കുന്നുണ്ട്.പുനരധിവാസത്തിന് ഇനിയും മൂന്നു നാലു സ്റ്റേഷന്‍ പിന്നിടണം.

ഒന്ന് കണ്ണുചിമ്മി തുറന്നപ്പോള്‍ ഒരു കാലം ഏറെ പിന്നിലായതുപോലെ തോന്നി.എങ്കിലും എപ്പോഴും ചുമലില്‍ വന്നുവീഴുന്ന ഓര്‍മയുടെ ഒരു കൈ ഏറെ പിന്നിലേക്കു വലിച്ചു കൊണ്ടുപോകുന്നു.ഒരു കാതമേ ഉള്ളു എന്‍റെ ഏദനില്‍ എത്താന്‍,എന്നെ പോകാനനുവദിക്കുക.ഓര്‍മകളെ തിരൂര്‍ സ്റ്റേഷനില്‍
ഇറക്കി വിട്ടു.വണ്ടി നീങ്ങി തുടങ്ങി.പിന്നെയും പിന്നെയും തിരിഞ്ഞു നോക്കി കൊണ്ടിരുന്നു,വെറുതെ..
വേഗം കൂടി.ഒന്നുകുടെ നോക്കി. ഓര്‍മകളെ ഇറക്കിവിട്ട തിരൂര്‍ സ്റ്റേഷന്‍ അവ്യക്തമായി...

അപ്പോഴും മഴപെയ്യുകയും,കുട്ടികള്‍ ഫുട്ബോള്‍ കളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.


akku...


















shyna/anjali

shyna/anjali
mazhakkaalam