Thursday, October 14, 2010

Saturday, October 9, 2010




പയംകുറ്റി


അക്ബര്‍ ഇരിങ്ങല്‍

കൈ വെളളത്തില്‍ മുക്കി ഒന്നുകൂടെ കുടഞ്ഞ്‌ ഊക്കോടെ അരച്ചു.

''എണേ, രമേ...?ഇതെടെ പോയോളി ഇക്കുരിപ്പ്..?


ചുവന്ന മുളകിനോപ്പം അരിശവും ചേര്‍ത്തരച്ചു കല്യാണി അമ്മ വിളിച്ചു

'ഓള് കെണട്യേരേന്നു തല കവ്വന്നു...എന്തെഇനു..?''. ഓട്ടു കിണ്ണത്തിലെ അവസാന മണി അരിയും ഒരു താളത്തില്‍ അടുപ്പത്ത് വച്ച മണ്‍കലത്തില്‍ ഇട്ടു കൊണ്ട് സുമ വിളിച്ചു ചോതിച്ചു.

''ഒരു വക ഇയ്യമ്മിമ്മന്നു അരേന്നില്ലേ മക്കളെ,അപ്പെണ്ണിനോട് കൊറച്ചു വെങ്കല്ല് അക്കണ്ടത്തുന്നങ്ങാനും പെറുക്കി കൊണ്ട് വെര്വാനെനു.ഉമ്മക്കിന്നു പയംകുറ്റി കയിഞ്ഞിട്ട് മോന്തിക്കങ്ങു അരേടെനു...''മധ്യ ഭാഗം കുഴിഞ്ഞ അമ്മിക്കല്ലില്‍ നിന്നു ചൂണ്ടു വിരല്‍ മടക്കി അരച്ച മുളക് വടിച്ചു കൊണ്ട് കല്യാണി അമ്മ പറഞ്ഞു.

''ഇഞ്ഞരീട്ടാളെ....?അച്ചനിപ്പം ബെരും.ഇത്തര അരീട്ട വെള്ളം കിട്ടിക്കില്ലേ അത് മതി നൊടിയാന്‍. ഇശാസം മുട്ടലും വെച്ച് അപ്പാവം കീഞ്ഞു പോണ്ടേ എല്ലാത്തിനും..;''

തന്‍റെ തീയന്‍ [ഭര്‍ത്താവ്] കേളപ്പനെ കുറിച്ചാണ് കല്യാണി അമ്മ വേവെലാദിപ്പെടുന്നത്.'തീയന് എക്കലാ..ശാസം മുട്ടലാ'എന്നൊക്കെ നേരമനുസരിച്ച് അവര്‍ പറയാറുണ്ട്‌.
''ഇട്ടമ്മേ, എന്ടമ്മോ എന്തൊരു കല്ലാ ഈ അരീല്,കഴിഞ്ഞാഴ്ച കിട്ട്യേല് ഇത്തര ഇല്ലെന്.!'-സുമ ഓട്ടു കിണ്ണം മോറി കമഴ്ത്തിക്കൊണ്ട് പറഞ്ഞു.

''അയെ മക്കളെ,അതങ്ങ് മറന്നു പോയിനല്ലേ,റെഷം പീട്യേല് ചിമ്മിണി വന്നിനോളി,ആരോടാ ഇപ്പോന്നു ചോയിക്ക്വാ..?ഒരു നമ്പ് ചിമ്മിനിം ഇപ്പോരെലില്ല.അങ്ങട്ടെലെ ഉമ്മട്യാറോട് മാങ്ങിയതാ ഇന്നല ഒരു കുപ്പീല് ഇത്തര. അരങ്ങോതെ നാരായണി ഈലന്ന പോയിക്കിണ്ടേ ചോയിക്കെനു.അയിനും ഇപ്പം ആ വയസ്സന്‍ തന്നെ കേനും തൂക്കി പിടിച്ചു പോണ്ടേ...? ഇബടത്തെ തുക്കിടി സായിവിനു ആയിനോന്നും കയ്യുലാലോ;പൂതം പോലിങ്ങനെ ഇരിക്ക്യാ,സമയത്തിന് ഇല്ലോം തിന്ന് ..ജൌ!!!!! ഇങ്ങനൊരസത്ത് ''


കല്യാണി അമ്മ അമര്‍ഷം ഗദ്ഗടിച്ചു തീര്‍ത്തു.ഇളയ മകള്‍ വിനോടനെ കുറിച്ച് പറയുമ്പോഴാണ് കല്യാണി അമ്മ 'തുക്കിടി സായിവു,പൂതം,ജഡ്ജി,

അസത്ത്


എന്നിങ്ങനെ നല്ല പദങ്ങള്‍ ഉപയോഗിക്കാറ്.

ഒരു ജോലിയും ചെയ്യാതെ വെറുതെ നടക്കുന്നതിനുള്ള ദേഷ്യമാണ് ഇങ്ങനെ തീര്‍ക്കുന്നത്.മൂത്ത മകള്‍ സുമ നല്ല കാര്യ ബോധവും പക്വതയുമുള്ളവാളാണ്,അതിന്‍റെ താഴെയുള്ള ശിവന്‍ കരിങ്കല്‍ ക്വാറിയിലാണ്,അല്പം മുന്‍ ശുണ്ടി ഉണ്ടെന്നെ ഉള്ളു.ഇളയ രണ്ടെണ്ണത്തിനുമാണ്‌ മടിയുടെ അസ്ക്യത ഏറെ.


കല്യാണി അമ്മയുടെ വീട്ടില്‍ ഇന്ന് പയംകുറ്റിയുണ്ട്.മുത്തപ്പന്‍ ദൈവത്തിനു കാണിക്ക വച്ചു പ്രാര്‍ഥിച്ചു,അത് കുടുംബത്തില്‍ മരിച്ചു പോയവര്‍ക്ക് ''അകത്തു വച്ചു കൊടുക്കുക'' എന്ന പ്രധാന കര്‍മ്മമുണ്ട്. കല്യാണി അമ്മയുടെ അമ്മ മന്നി അമ്മ കഴിഞ്ഞ കര്‍ക്കിടകത്തിലാണ് മരിച്ചത്.മുത്തപ്പന്റെ ഇഷ്ട വോഭാവങ്ങലായ കള്ള്,ഉണക്കമീനും പിന്നെ കപ്പ പുഴുങ്ങി വറവിട്ടതും ,ഗോതമ്പ് പായസം,ചുട്ടപപ്പടം,തെങ്ങാപൂള് എന്നിവയൊക്കെയാണ് കാണിക്കകള്‍.ഇവയൊക്കെ ആത്മാക്കള്‍ക്ക് അകത്തു വച്ചു കൊടുക്കും.കള്ള് മുതിര്‍ന്നവര്‍ മുത്തപ്പനെ ധ്യാനിച്ചങ്ങു അകത്താക്കും.
''ആ കോയിന്നനോടു തെങ്ങുമ്മ കേറി തെരാന്‍ ഇനി ആരോടാളി പറയാ...?''കിണറ്റിന്‍ കരയില്‍ വീണ തെങ്ങോല വലിച്ചു മുറ്റത്തിട്ട് കല്യാണി അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
ചെമ്പ് പാത്രത്തിലെ ഗോതമ്പ് കാണിച്ചു സുമ ചോദിച്ചു.''അമ്മെ ഇത് മതിയാവൂലെ..?''
''മതിയോ? ഒരിത്തരേം കൂടെ ഇട്ടാളെ''.വലതു കൈപത്തി കുമ്പിള് പോലാക്കി കാണിച്ചു കല്യാണി അമ്മ വാത്സല്യത്തോടെ പറഞ്ഞു.
മുറ്റത്തിന്‍റെ വടക്ക് ഭാഗത്ത്‌ എണ്ണത്തിരി പന്തങ്ങല്‍ക്കിടയില്‍ ഒരു നാഴി അരിയും,അതിനു ചാരി മുത്തപ്പന്‍റെ ഫോട്ടോയും വച്ചു.കാണിക്കകള്‍ നിരത്തി വച്ചു എല്ലാവരും അരിയെരിഞ്ഞു പ്രാര്‍ഥിച്ചു.
'' സുമ എട്ത്തു? എണേ സുമേ..?''അകത്തേക്ക് നോക്കി ശിവന്‍ നീട്ടി വിളിച്ചു.
''ഓക്ക് വന്നുടെടാ..!''പതിഞ്ഞ സ്വരത്തില്‍ കല്യാണി അമ്മ അമര്‍ത്തി പറഞ്ഞു.ഒന്ന് മൂളി ശിവന്‍ മുത്തപ്പന് മേല്‍ അരിഎറിഞ്ഞു.
കറുപ്പ് കട്ടപിടിച്ച ഇരുട്ടില്‍ അമ്മാമ്പുരാന്‍റെ വളപ്പിലെ വവ്വാലുകള്‍ തലകീഴെ തൂങ്ങി കിടക്കുന്ന പുളി മരത്തിനിടയിലുടെ കാണിക്കകള്‍ നിരത്തിവച്ച തെക്കേ മുറിയിലേക്ക് മന്നി അമ്മയുടെ ആത്മാവ് വന്നിട്ടുണ്ടാകണം.പടിക്കലെ വളപ്പിലെ കരിമുരിക്കില്‍ നിന്നു മുങ്ങകള്‍ അപ്പോള്‍ മൂളിയിട്ടുമുണ്ടാവണം.

കര്‍ക്കിടവും തിരുവോണവും വന്നു പോയി.കിണറ്റിന്‍ കരയിലെ ഒളൊരു മാവ് അണ്ണാന്‍ കടിച്ചതിന്റെ ബാക്കി മാമ്പഴം താഴെ എറിഞ്ഞു കൊണ്ടിരുന്നു.''അത് പൊത്തന പാറാടന്‍ കൊണ്ടോവാ ഇള്ളൂ ..!!! ''എന്ന് ഇടക്കിടെ ഒളൊരു മാവ് നോക്കി കല്യാണി അമ്മ നോമ്പരപ്പെടും.മാസം തികഞ്ഞു സുമ ഇന്നോ നാളയോ എന്ന് പറഞ്ഞു തെക്കേ മുറിയില്‍ കിടക്കുന്നുണ്ട്.കിട്ടാവുന്നത്ര പഴയ കോട്ടന്‍ സാരികളും,വെല്ലതുനികലുമൊക്കെ ശേഖരിച്ചു വലകൊട്ടയില്‍ നിറക്കുമ്പോള്‍ മനസ്സ് നൊന്തു കല്യാണി അമ്മ പറയും''രണ്ടും രണ്ടു തലക്കാക്കി തരണേ തമ്പായി,പോരടി അമ്പലത്തില് നൂറു പച്ചെണ്ണ നേരേനെ..ദേവി!!.
തമ്പായി കാത്തു കാണില്ല,ധര്‍മ്മാശുപത്രി വിട്ടു സുമ മാത്രം തിരിച്ചു വന്നു.വെള്ളാരം കണ്ണുള്ള വെളുത്ത ഒരാണ്‍ കുഞ്ഞു,തെക്കേ വളപ്പില്‍ മന്നി അമ്മക്കരികില്‍ തലയില്‍ ഒരു കള്ള് ചുമന്നു കിടന്നു. നെഞ്ചിനു മുകളില്‍ ഒരു ചെമ്പരത്തി തണ്ട് മുള പൊട്ടിയപ്പോള്‍ ആ പൈതല്‍ സ്വര്‍ഗത്തില്‍ എത്തി എന്ന് എല്ലാവരും ആശ്വസിച്ചു.
തുലാമഴ ഓട്ടിന്‍ പുറത്തു നിലവിളിച്ചു പെയ്തു വീണു.വീട്ടിനുള്ളിലെ അടഞ്ഞ തേങ്ങലുകള്‍ ഗതിയില്ലാതെ ചുമരുകളില്‍ തട്ടി പറന്നലഞ്ഞു.ഇടവ പ്പാതി ,തായ്‌ തെങ്ങില്‍ കെട്ടിവച്ച ചകിരിയിലുടെ വലിയ സിമന്ടു വീപ്പയും കവിഞ്ഞൊഴുകി.കലക്ക് വെള്ളം പോലെ കാലം പിന്നെയുമൊഴുകി.പയം കുറ്റി പന്തങ്ങള്‍ പിന്നെയും തെളിഞ്ഞു.അരിയെറിയാന്‍ അംഗങ്ങള്‍ കൂടി.''രമയും പുയ്യക്കനും, ശിവനും പുയ്യെ ണ്ണും''അരിയെരിഞ്ഞു.സുമ രണ്ടാമതും നിറകണ്ണും നിറവയറുമായി വടക്കെ മുറിയില്‍ കിടന്നു മുരണ്ടു.അരി എരിയെണ്ടിയിരുന്ന വല്ലരം കണ്ണു കാരന്‍ മാണി അമ്മയുടെ കയ്യും പിടിച്ചു ആരും കാണാതെ അമ്മാമ്പുരാന്‍റെ വളപ്പിലെ പുളിമരത്തിനിടയിലുടെ പറന്നു വരും.തെക്കേ മുറിയിലെ കപ്പയും ഗോതമ്പ് പായസവും കഴിച്ചു മടങ്ങി പോകും..
* * * * *

സുരഭി ഇന്ന് രണ്ടാം ക്ലാസോടെ പത്താം ക്ലാസ്സ് പരീക്ഷ ജയിച്ചു.സന്തോഷിക്കാന്‍ ആരുമില്ല കൂടെ.അച്ഛനില്ല അമ്മയില്ല,ആരുമില്ല.ബുദ്ധി ഉറച്ചപ്പോള്‍ ചിന്തിക്കുമായിരുന്നു ,ഞാന്‍ ജനിച്ചത്‌ കൊണ്ടാണ് എന്‍റെ അമ്മ മരിച്ചതെങ്കില്‍ ,ജനിക്കെണ്ടായിരുന്നു എന്ന്.പതിനഞ്ചു വര്‍ഷങ്ങള്‍ ആരെയും കാത്തു നില്‍ക്കതെയാണ് പോയ്‌കളഞ്ഞത്.മുറ്റത്ത്‌ അരി മുല്ല കുടഞ്ഞിട്ട പൂക്കള്‍ പെറുക്കിയെടുക്കുമ്പോള്‍ അവള്‍ ഓര്‍ത്തു, അരുപ്പായിരുന്നു അച്ചാച്ചന്‍ തുപ്പിയിട്ട കഫത്തിനിടയില്‍ നിന്നു മുല്ലപ്പൂ പെറുക്കിയെടുക്കാന്‍.
ഇരുത്തിയില്‍ നിന്നു നീട്ടി തുപ്പാന്‍ ഇന്ന് അചാച്ചനുമില്ല.കഴിഞ്ഞ മകര കുളിരില്‍ അച്ചാച്ചന്‍ വെള്ള പുതച്ചു ഉറങ്ങിക്കളഞ്ഞു.
ഇന്ന് പയംകുറ്റി കഴിഞ്ഞാന്‍ രണ്ടു ദിവസമെങ്കിലും ഈ വീട്ടില്‍ ഒചയുമനക്കവുമൊക്കെ ഉണ്ടാകും.പിന്നെ പല കാരണങ്ങളുമായി പലരും പലവഴി പിരിയും.ഇരുട്ട് തളം കെട്ടി നില്‍ക്കുന്ന ഈ മുറികളും 'അത്തും പിത്തുമായ'അമ്മമ്മയും ഞാനും പിന്നെയും ബാക്കിയാവും.വെങ്കല്ല് പൊടി ചേര്‍ത്ത് നിലവിളക്ക് തുടച്ചു കൊണ്ടിരിക്കുമ്പോള്‍ സുരഭി വെറുതെ ഓര്‍ത്തു.കുറെ കൈകളില്‍ നിന്നു അരിമണികള്‍ മുത്തപ്പന് മേല്‍ വീണു.എണ്ണ പന്തങ്ങളെ പതിയെ ഇരുട്ട് വിഴുങ്ങി.കരിമുരിക്കിനു മുകളില്‍ നിന്നു കൂമന്‍റെ ലക്ഷണം കെട്ട മൂളല്‍ ആരോഹണത്തിലായി.തെങ്ങോലകള്‍ക്കിടയിലും കാണാത്ത നിലാവിനെ തേടി രാത്രി അലഞ്ഞു നടന്നു.
തിരക്കൊഴിഞ്ഞപ്പോള്‍ തെക്കേമുറിയുടെ വാതില്‍ പാളി സുരഭി വെറുതെ പതുക്കെ തുറന്നു.ന്ലവിലക്കിന്റെ അരണ്ട വെളിച്ചത്തില്‍ മന്നിയമ്മമ്മയും അച്ചാച്ചനും അമ്മയും കുഞ്ഞനിയനും കപ്പയും ഗോതമ്പ് പായസവും തിന്നുന്നതായവള്‍ക്ക് തോന്നി.അവര്‍ക്കുമിപ്പുരം അവ്യക്തമായ ഒരു രൂപവും ഉള്ളത് പോലെ.ഭയപ്പാടോടെ അവള്‍ കണ്ണു വെട്ടിച്ചു കളഞ്ഞു.
അടക്കി പിടിക്കാനാകാത്ത ഒരു തേങ്ങല്‍ അവളില്‍ നിന്നു പുറപ്പെട്ടു പോയി.പുകപിടിച്ചു കറുത്ത ചുമരുകള്‍ ഏറ്റു വാങ്ങാതെ അത് മരക്കിളിവാതിലുകള്‍ കടന്നു പുറത്തു പോയി.ഈറനുടുത രാത്രി അതിനെ ഏറ്റു വാങ്ങി.അവള്‍ അടുക്കള പടി കടന്നു ആയകാലത്തെ കഥകള്‍ പുതു ബന്ധുക്കളോട് പറഞ്ഞു കൊടുക്കുന്ന അമ്മമ്മയുടെ അരികില്‍ മരപ്പലകയില്‍ വന്നിരുന്നു.അമ്മംബുരാന്റെ വളപ്പിലെ പുളി മരത്തില്‍ നിന്നു വവ്വാലുകള്‍ടെ കൂട്ട നിലവിളി ഉയര്‍ന്നു.അവള്‍ കണ്ണടച്ചു ചെവി പൊത്തിയിരുന്നു.
akku...

Sunday, May 16, 2010

ദിവ്യവെളിച്ചം



അക്ബര്‍ ഇരിങ്ങല്‍


"ഓയ്.. രാഘവോ..?
ആട നിക്കീനെടോ;ഞാളുണ്ട്.."
പഞ്ചായത്ത് പൈപ്പിനടുത് ഇടവഴിയിലേക്ക് തിരിയുന്നിടത്‌ നിന്നു കൊയ്യക്കാരന്‍ ചാത്തു നീട്ടിവിളിച്ചു.പുളിക്കലെ ബിയ്യാതുമ്മ പുള്ളിതട്ടം കൊണ്ട് മുഖം മറച്ചു,ചെറു മോളുടെ കൈയും പിടിച്ചു കൊള്ള് ചേര്‍ന്ന് നടന്നു പോകുന്നുണ്ട്.ദുബായിലുള്ള മോന്‍ നൗഷാദിന്റെ മോളാണ്.കക്ഷത്തില്‍ ചെക്കിപ്പൂവും,കൈയ്യില്‍ നൂറു വെളിച്ചെന്നയുമായി ചാത്തു രാഘവനൊപ്പം നടന്നു.

''ഉമ്മറ്റ്യാറെ ഇങ്ങളെ മോന്‍ ദുബായിന്നു വന്നികെയ്നു..?
''ആ രാഘവാ,ഓന്‍ ബന്നിട്ടു ഒരാഴ്ച്ചയായി,..''
മുഖത്ത് നോക്കാതെ പറഞ്ഞു ബിയ്യതുമ്മ ദൃതിയില്‍ നടന്നു.


ഇത് മൂന്നാം ദിവസമാണ് സെക്യുരിറ്റി കുമാരന്റെ വീട്ടിലേക്കു ഈ ജന പ്രവാഹം.ജ്വല്ലറിയിലെ നൈറ്റ് ഡൂട്ടി കഴിഞ്ഞു വന്നു കുമാരന്‍ ഉറങ്ങാത്തത്‌ മൂന്നു ദിവസായി.മൂന്നു ദിവസം മുന്‍പാണ് കുമാരന്റെ വീട്ടു മുറ്റത്തെ കിണറ്റില്‍ നിന്നു അത്ഭുതകരമായ വെളിച്ചം കണ്ടു തുടങ്ങിയത്.സന്ധ്യ കഴിഞ്ഞാല്‍ കുമാരന്‍റെ നാല് സെന്‍ട് സന്ദര്‍ശകരെ കൊണ്ട് നിറയും.പിന്നെ പിന്നെ തിരുവള്ളൂര്‍ ഗ്രാമം ഒന്നാകെ അങ്ങേറ്റെടുത്തു.
സ്വതവേ മൌനിയായ കുമാരന്‍റെ അമ്മ ചിരുത ഇപ്പോള്‍തീരെ മിണ്ടാതായി.മുന്‍പ് മുത്തപ്പന്‍ സേവയും മറ്റുമൊക്കെ ഉണ്ടായിരുന്ന അവര്‍ക്ക്,കിണറ്റിലെ അത്ഭുത വെളിച്ചവുമായി ബന്ടപെട്ടു വെളിപാടുണ്ടാകുമെന്നോക്കെയായി നാട്ടുകാര്‍.തിരുവള്ളുരെ മാപ്പിളാരും തിയ്യന്മാരും അങ്ങിനെ തന്നെ വിശ്വസിച്ചു.
മുളക് പൊടിക്കാന്‍ നാണു മാഷേ മില്ലിലും,
മണ്ണെണ്ണ മേടിക്കാന്‍ റേഷന്‍ പീടികേലും വരിയില്‍ നില്‍ക്കേണ്ടിവന്നില്ല എന്നതൊഴിച്ചാല്‍ ,കുമാരന്‍റെ ഭാര്യ സുശീലക്ക്‌ ഒരു താല്പര്യമില്ലായ്മ ആദ്യമേ ഉണ്ട്.



എട്ടു വര്‍ഷം മുന്‍പ്,തയ്യുള്ളതിലെ തിറ തലേന്ന് ഈ വീട്ടില്‍ വന്നു കയറിയതാണ് സുശീല.അന്ന് കുമാരന്‍ അന്തി മോന്തി തിറ പറമ്പിലെ തൈകുണ്ടില്‍ ഉറങ്ങി.അതില്‍ പിന്നെ എട്ടു വര്‍ഷങ്ങള്‍.അടിവയറ്റിനകത്ത് ഇളം കാലടി കൊണ്ട് ചവിട്ടു കൊള്ളാന്‍ സുശീലക്കുമുണ്ട് പൂതി.
ആഗ്രഹങ്ങളുടെ മാഞ്ചുവട്ടില്‍ അവള്‍ ഉറങ്ങാതിരിക്കും,ഒരിളം കാറ്റ് വീഴ്ത്തുന്ന മാമ്പഴം മോഹിച്ചു.മുതലാളിയുടെ പണ്ടങ്ങള്‍ കാത്തു കുമാരനും ഉറങ്ങാതിരിക്കും.അങ്ങിനെ എട്ടു വര്‍ഷങ്ങള്‍.പടിക്കലെ ഇടവഴി പോകുന്നവരുടെ ചൂളം വിളി മാത്രം വര്‍ദിച്ചു കൊണ്ടിരുന്നു.
ചിമ്മിനി വിളക്ക് തിരി താഴ്ത്തി,ആഗ്രഹങ്ങളെ ഇരുട്ടിലാക്കി അസ്വസ്ഥതകള്‍ പുതച്ചു പായയില്‍ ചുരുണ്ട് കിടക്കും. ഇതിന്റെ ഒക്കെ ഇടയിലാണ് ഇപ്പൊ ഒരു പുകില്.


ഓരിക്കാരന്‍ മാപ്പള,ഉപ്പുത്തി ചപ്പില്‍ മീനിനൊപ്പം കിണറ്റിലെ വെളിച്ചത്തിന്‍റെ അതിശയവും ഓരോരുത്തര്‍ക്കും ചുരുട്ടി കൊടുത്തു.അങ്ങിനെ അങ്ങ് മുതുവന മുതല്‍ ,ഇങ്ങു പുഷ്പന്‍റെ ചായപീടിക വരെ ഒരു ജീവിയില്ല ഇപ്പൊ അറിയാന്‍.
മുത്തപ്പന്ടവിടെ കുമാരന്‍ എന്ന , സെക്യുരിറ്റി കുമാരന്‍റെ നാല് സെന്ടിലേക്ക് പുരുഷാരം നുണ പറഞ്ഞും,അതിശയം പങ്കുവച്ചും നീങ്ങി കൊണ്ടിരുന്നു.അടുത്ത ബന്ടുക്കള്‍ക്ക് ചെറിയുള്ളി ഇട്ട വെള്ളവും,അല്ലാത്തവര്‍ക്ക് ചിരിയും സമ്മാനിച്ച്‌ ഉറക്കം തുങ്ങിയ കണ്ണുകളുമായി കുമാരന്‍ വരവേറ്റു. കഴിഞ്ഞ തിരുവാതിരക്കു വച്ച നാല് മൂടു ഇഞ്ചി ജനങ്ങള്‍ ചവിട്ടി മെതിച്ച ദേഷ്യതിലോ മറ്റോ സുശീല പിറ് പിറുത്തു കൊണ്ടിരുന്നു.ഒളൊരു മാവിന്‍റെ കൊമ്പു രണ്ടെണ്ണമൊടിഞ്ഞു. ഇല്ലി വെളി ഒരു വശത്തേക്ക് മറിഞ്ഞു വീണു,പുകില് ചില്ലറയൊന്നുമല്ല.

''ഇങ്ങനെ ദിവസേന കുമാരന്‍റെ വീട്ടില്‍ ആള് കൂടിയാ ശരിയാവില്ല,ഇതിനൊരരുതി വേണം''ഗോപാലന്‍ മാഷ് എല്ലാരോടുമായി പറഞ്ഞു.

''അയിനിപ്പോ ഞമ്മലെന്താ ചെയ്യാ മാഷേ?''മീന്‍കാരന്‍ അബ്ദുവാണ് പ്രതികരിച്ചത്.
''ഇറങ്ങണം,കിണറ്റിലിറങ്ങി നോക്കണം,എന്താ കര്യന്നു.'' മാഷ്‌ ചിരിച്ചു കൊണ്ട് പറഞ്ഞു.

'' ഉയി മാഷേ അത് ബേണോ? ആള്‍കൂട്ടത്തില്‍ നിന്നു ആരോ ചോദിച്ചു.
''ഓറ് കമ്മുനിസ്ടല്ലേ,ഓലിക്കു മേലാകശോം തായ ഭൂമിം അല്ലെ?'' കുഞ്ഞിരാമന്‍ ചോയിനോടു അടക്കം പറഞ്ഞു.

ഗോപാലന്‍ മാഷ് എല്ലാരേം നോക്കി ചോദിച്ചു,''നമ്മടെ ബാബു ഇല്ലേ ഇവിടെ?''
''ഓന് മൊയ്ദു ഹാജിന്ടാടിയാ പണി ബിലിക്കണോ മാഷേ?'' ആരോ പറഞ്ഞു.
കുമാരന്‍റെ അമ്മിതിണക്കരികില്‍ നിന്നു ഒരു സ്ത്രീ ശബ്ദം അപ്പോള്‍ മാഷോടായി പറഞ്ഞു.''ഉയി മാഷെ,പിള്ളരച്ചന്‍ ഇറങ്ങുല ;ഞാളെ നായി അരിയാ മാഷെ..!''-
ഗോപാലന്‍ മാഷ് ഒന്നും പറഞ്ഞില്ല.
മാഷും,റേഷന്‍ കടയിലെ രാമകൃഷ്ണനും മറ്റു ചിലരും എന്തൊക്കെയോ സംസാരിക്കുകയും,ഫോണ ചെയ്യുകയുമൊക്കെ ചെയ്തു അമ്പല മുക്ക് കവലയിലേക്കു നടന്നു.കക്ഷവും,തലയും ചൊരിഞ്ഞു വാ പിളര്‍ന്നു നോക്കി തിരുവള്ളുരെ തിയ്യന്‍ മാരും,മാപ്പിളാരും കാത്തു നിന്നു.


ഒരു നിലവിളി ശബ്ദത്തിനു പുറകെ കയറും കോണിയും മറ്റു സാമഗ്രികളുമായി രണ്ടു മൂന്നു ചെറുപ്പക്കാരും,അതിനു പുറകെ ഗോപാലന്‍ മാഷും രാമകൃഷ്ണനും മറ്റും കുമാരന്‍റെ കണ്ടി കയറി വന്നു.അന്തം വിട്ടു കണ്ണ് മിഴിച്ചു നില്‍ക്കുന്ന നാട്ടു കാരെ വകഞ്ഞു മാറ്റി,അവര്‍ കിണറ്റിന്‍ കരയിലേക്ക് നീങ്ങി.ഒളൊരു മാവില്‍ കയര്‍ മുറുക്കി കെട്ടി വന്നവരില്‍ രണ്ടു പേര്‍ കിണറ്റിലെക്കിറങ്ങി.വെളിച്ചത്തിന്‍റെ ഉറവിടം തേടി.
ഹൃദയമിടിപ്പുകല്‍ക്കൊടുവില്‍,ദിവ്യ വെളിച്ചം ഓരോ പടിയും കയറി കയറി വന്നു.നാട്ടു കാരുടെ കണ്ണുകള്‍ ഒരേ താളത്തില്‍ പുറത്തേക്കു തള്ളി വന്നു,കവിളുകള്‍ ഒന്ന് കൂടെ ഒട്ടിപ്പോയി.ചോയിന്റെ കക്ഷതുന്നു വെളിച്ചെണ്ണ കുപ്പി താഴെ പതിച്ചു.ബിയ്യതുമ്മ തട്ടം മുഖമോട്ടകെ മറച്ചു പിന്‍വലിഞ്ഞു.

''ഇതാ കുമാര,ഇനി ചൂട്ടു കതികേണ്ട! അസ്സലൊരു ടോര്‍ച്ചു,ഫോറിനാ..''
നാട്ടുകാരുടെ മുഖത്താകെ പുച്ഛം തുപ്പി ടോര്‍ച് കുമാരന്‍റെ കയ്യില്‍ കൊടുത്തു ഗോപാലന്‍ മാഷ്‌ ഫയര്‍ ഫോര്‍സ്കാരോടോപ്പം കണ്ടിയിറങ്ങി

.കൂകി വിളിച്ചും പൊട്ടി ചിരിച്ചും നാട്ടുകാര്‍ നാല് സെന്ടിന്റെ നാല് പാടും ചിതറി.ജലലഴിയിലുറെ ഒരു നോട്ടം തിരിച്ചെടുത് സുശീല മുഖം തിരിച്ചു കളഞ്ഞു.കെടുത്താന്‍ കഴിയാത്ത ടോര്‍ച്ചുമായി കുമാരന്‍ കിണറ്റിന്‍ കരയില്‍ ഇളിഭ്യനായി നിന്നു.

''കള്ളന്മാരങ്ങാനും എറിഞ്ഞു ഓടി കളഞ്ഞതായിരിക്കും,..!
''ആ ആരിക്കരിയാ,ബെര്‍തെ പണി മെനക്കെട്ട്''
പലയിനം ഊഹങ്ങളും അഭിപ്രായങ്ങളുമായി,പലരും പലവഴി പിരിഞ്ഞു.ചോയിം രാഘവനും,കുഞ്ഞിരാമനും കണ്ടിയിറങ്ങി വടക്കോട്ട്‌ നടന്നു.

ലീവിന് വന്ന നൌഷാദ് വെളി കടന്നു രാജകുറുപ്പിന്റെ പറമ്പ് വഴി പുളിക്കലേക്ക് നടന്നു.അയാളോടൊപ്പം രണ്ടു കണ്ണുകള്‍ അയാളെ പിന്തുടന്നു കൊണ്ടിരുന്നു.അനിര്‍വചനീയമായ ഒരു മന്ദഹാസം അയാള്‍ തിരിച്ചു നല്‍കുകയും ചെയ്തു.അത് ജനലഴിക്കപ്പുറത്തെ തിളക്കമുള്ള കണ്ണുകളില്‍ തട്ടി പ്രതിഫലിച്ചു.കാട്ടപ്പകള്‍ വകഞ്ഞു മാറ്റി മാപ്പിള പാട്ട് മൂളി അയാള്‍ നടന്നകന്നു.പുളിക്കലെ വളപ്പില്‍ കയറുവോളം അയാള്‍ തിരിഞ്ഞു നോക്കികൊണ്ടിരുന്നു.എന്തിനെല്ലമോ സാക്ഷിയാണെന്നു സ്വയം ബോധിപ്പിച്ചു കൊണ്ട് ഒളൊരു മാവ് ഇളം കാട്ടില്‍ തളിരിലകള്‍ ഇളക്കി കൊണ്ട് നിന്നു.


കൊയ്യക്കാരന്‍ ചാത്തു കുനിയിലെ തെങ്ങില്‍ നിന്നു വീണു മരിക്കുന്നത് വരെ ഗ്രാമം ദിവ്യവെളിച്ചം ഏറ്റുപാടികൊണ്ടിരുന്നു. പിന്നെ ചാതും ,തെങ്ങും,മരണവുമൊക്കെയായി ആ കഥ ഇറ വെള്ളത്തില്‍ എങ്ങോട്ടോ ഒലിച്ചു പോയി.


മുത്തപ്പന്ടവിടെ കുമാരന്‍ എന്ന , സെക്യുരിറ്റി കുമാരന്‍ പിന്നെയും കാവലുനിന്നു,ഇമ ചിമ്മാതെ മുതലാളിടെ മുതലിന്...;

shyna/anjali

shyna/anjali
mazhakkaalam